യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് താരം അക്ഷയ് കുമാർ

മുംബൈ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് താരം അക്ഷയ് കുമാർ. തൻ്റെ ഏറ്റവും പുതിയ ചിത്രമായ രാമസേതുവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. മുംബൈയിലെ ട്രൈഡൻ്റ് ഹോട്ടലിൽ വെച്ചായിരുന്നു ഇരുവരും കണ്ടത്. ഉത്തർപ്രദേശിലെ നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നീക്കം നടത്തുമെന്ന് സെപ്തംബറിൽ യോഗി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി യോഗി ചര്‍ച്ച നടത്തും.

എന്നാൽ യോഗിയുടെ നീക്കങ്ങള്‍ക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. മുംബൈയില്‍ നിന്ന് ഫിലിംസിറ്റിയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ എളുപ്പമാകില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ബംഗാളിലും പഞ്ചാബിലും ഫിലിം സിറ്റികളുണ്ട്. ഇവിടെയൊക്കെ യോഗി സന്ദര്‍ശനം നടത്തി അവിടുത്തെ സംവിധായകരോടും ചലച്ചിത്ര പ്രവര്‍ത്തകരോടും അദ്ദേഹം ചര്‍ച്ച നടത്തുമോയെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. നേരത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും യോഗിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചലച്ചിത്ര പ്രവര്‍ത്തകരായ സുഭാഷ് ഘായി, ബോണി കപൂര്‍ എന്നിവരുമായാണ് യോഗി ആദിത്യനാഥ് ചര്‍ച്ച നടത്തിയത്.

അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം രാമസേതുവിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദീപാവലി ദിനത്തിൽ അക്ഷയ് കുമാർ തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ശ്രീരാമൻ നിർമിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന രാമസേതു എന്ന പാലവുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ‘വരും തലമുറയെ കൂടി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മ്മിച്ച് അതിലൂടെ ഭാരതീയരുടെ ഉള്ളില്‍ രാമന്റെ ആദര്‍ശങ്ങളേയും സംരക്ഷിക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്.രാമസേതു സങ്കല്പമോ യാഥാർത്ഥ്യമോ എന്ന ചോദ്യവും പോസ്റ്ററിൽ കാണാം.

Top