തുടര്‍ പരാജയങ്ങളില്‍ നിന്ന് കര കയറാൻ രക്ഷാബന്ധനുമായി അക്ഷയ് കുമാര്‍

തുടര്‍ പരാജയങ്ങളുടെ ആഘാതത്തിലാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. അടുത്ത ചിത്രത്തിമെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് താരം. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം രക്ഷാബന്ധന്‍റെ തിയറ്റര്‍ റിലീസ് ഓഗസ്റ്റ് 11ന് ആണ്. അക്ഷയ്‌യുടെ വിജയ ചിത്രങ്ങളുടെ എല്ലാ ചേരുവകളും ഉള്ള ചിത്രം ചെറിയ ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. അക്ഷയ് കുമാറിന്‍റെ അവസാനത്തെ രണ്ട് തിയറ്റര്‍ റിലീസുകള്‍ പരാജയമായിരുന്നു. ഫര്‍ഹാസ് സാംജിയുടെ സംവിധാനത്തിലെത്തിയ ബച്ചന്‍ പാണ്ഡേയും ചന്ദ്രപ്രകാശ് ദ്വിവേദിയുടെ സംവിധാനത്തിലെത്തിയ സാമ്രാട്ട് പൃഥ്വിരാജും.

സെന്‍സറിംഗ് ഇതിനകം പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 110 മിനിറ്റ് ആണ് ദൈര്‍ഘ്യം. അക്ഷയ് കുമാറിന്‍റേതായി സമീപകാലത്ത് പുറത്തെത്തിയ മിക്ക ചിത്രങ്ങളും ആക്ഷന് പ്രാധാന്യമുള്ളവയായിരുന്നു. എന്നാല്‍ രക്ഷാബന്ധനില്‍ കുടുംബ നായക പരിവേഷത്തിലാണ് താരം എത്തുന്നത്. സഹോദര ബന്ധത്തിന്‍റെ ഊഷ്മളതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് ഇത്.

നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍. 2020ലെ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ ആനന്ദ് എല്‍ റായ് ആണ് സംവിധാനം. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

“ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാര്‍ ഉള്ളവര്‍ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നല്‍കും. ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഈ സിനിമ നല്‍കിയതിന് ആനന്ദിനോട് തീര്‍ത്താല്‍ തീരാത്ത നന്ദി”, അക്ഷയ് കുമാര്‍ അന്ന് കുറിച്ചിരുന്നു. സംവിധായകന്‍ ആനന്ദ് എല്‍ റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തെ മറ്റു ഭാഷാ ചലച്ചിത്ര വ്യവസായങ്ങള്‍ കുറച്ചെങ്കിലും കരകയറിയെങ്കില്‍ ബോളിവുഡിന്‍റെ സ്ഥിതി അതല്ല. നിര്‍മ്മാതാക്കള്‍ക്ക് മിനിമം ഗ്യാരന്‍റി ഉണ്ടായിരുന്ന അക്ഷയ് കുമാറിന്‍റെ ചിത്രങ്ങള്‍ പോലും പരാജയപ്പെടുമ്പോള്‍ കാര്‍ത്തിക് ആര്യന്‍ നായകനായ ഭൂല്‍ ഭുലയ്യ 2 പോലെ ചുരുക്കം അപ്രതീക്ഷിത ഹിറ്റുകള്‍ മാത്രമാണ് അവിടെ സംഭവിക്കുന്നത്.

Top