ലോക്ക്ഡൗണ്‍; സിനിമാ-സീരിയല്‍ കലാകാരന്മാര്‍ക്ക് ധനസഹായവുമായി അക്ഷയ്കുമാര്‍

കോവിഡും ലോക്ഡൗണും മൂലം സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. ദിവസവേതനക്കാരായ സിനിമ പ്രവര്‍ത്തകര്‍ക്ക് ജീവന മാര്‍ഗമാണ് നഷ്ടമായത്. ഈ സാഹചര്യത്തില്‍ വരുമാനം നിലച്ച സിനിമാ-സീരിയല്‍ കലാകാരന്മാര്‍ക്ക് 45 ലക്ഷം രൂപ നല്‍കി നടന്‍ അക്ഷയ്കുമാര്‍. സിനിമാ-സീരിയല്‍ കലാകാരന്മാരുടെ അസോസിയേഷന് താരം തുക കൈമാറി.

ഷൂട്ടിങ് പരക്കെ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ തൊഴിലും മാസവരുമാനവും നിലച്ച് സീരിയല്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നടന്‍ അയൂബ് ഖാന്‍ ജാവേദ് ജാഫേരിയെയും സാജിദ് നടിയാട്‌വാലിയെയും വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് നടന്‍ അക്ഷയ്കുമാറിനെയും സമീപിച്ചിരുന്നു. ഉടനടി താരം സഹായിക്കാന്‍ തയ്യാറാവുകയായിരുന്നു.

1500 സിനിമാ ടിവി പ്രവര്‍ത്തകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3000 രൂപ വീതം അക്ഷയ്കുമാര്‍ അയച്ചിട്ടുണ്ട്. 45 ലക്ഷം രൂപയ്ക്കു പുറമേ സഹായം ചോദിക്കാന്‍ മടിക്കരുതെന്നും അക്ഷയ് സംഘടനയെ അറിയിച്ചിട്ടുണ്ട്. സംഘടനയ്ക്കു കീഴെ പതിനായിരത്തോളം അംഗങ്ങളുണ്ട്.

Top