നീണ്ട ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്നു

ബോളിവുഡ് താരം അക്ഷയ് കുമാറുമായി വീണ്ടും കൈകോര്‍ക്കാനൊരുങ്ങി സംവിധായകന്‍ പ്രിയദര്‍ശന്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താനും അക്ഷയ് കുമാറും ഒരുമിക്കുന്നതെന്നും പുതിയ ഹിന്ദി സിനിമയുടെ ചര്‍ച്ചയിലാണെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇരുവരും ഒന്നിച്ചുള്ള ചിത്രവും പ്രിയദര്‍ശന്‍ പോസ്റ്റ് ചെയ്തു. ഹേരാ ഭേരി, ഭൂല്‍ ഭുലയ്യ, ഭഗം ഭാഗ്, ഖട്ട മീത്ത തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ ഹംഗാമ 2 ആണ് പ്രിയദര്‍ശന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മിന്നാരത്തിന്റെ ഹിന്ദി റീമേക്കായ ഹംഗാമ 2 ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ റിമേക്കായിരുന്നു ആദ്യ ഹംഗാമ.

 

 

Top