പരിക്കേറ്റ അക്ഷര്‍ ഓസീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കില്ല

കൊളംബോ: ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അക്ഷര്‍ പട്ടേല്‍ ഓസ്ട്രേലിയക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇടത് തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് അക്ഷറിന് പ്രശ്നമായത്. പരിക്ക് ഭേദപ്പെടുന്നതുമായി ബന്ധപ്പെട്ട് അക്ഷര്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകും.

പരിക്ക് കാരണം ശ്രീലങ്കയ്ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലില്‍ അക്ഷര്‍ കളിച്ചിരുന്നില്ല. പകരം വാഷിങ്ടണ്‍ സുന്ദറിനെയാണ് ടീമിലെടുത്തിരുന്നത്.

അതേസമയം ഓസീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലും ലോകകപ്പ് ടീമിലും ആര്‍. അശ്വിന്‍ ഉള്‍പ്പെടാനുള്ള വിദൂര സാധ്യതയും രോഹിത് പങ്കുവെച്ചു. ഓസ്‌ട്രേലിയ ഏകദിനത്തിനും ലോകകപ്പിനുമുള്ള ടീമിലും ഒരു ഓഫ് സ്പിന്നറെ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്മെന്റിന് പദ്ധതിയുണ്ടെന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. എന്നാല്‍ അത് വാഷിങ്ടണ്‍ സുന്ദറോ അശ്വിനോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

 

Top