ഐപിഎല്‍ നിര്‍ത്തിവെച്ചതിനെ സ്വാഗതം ചെയ്ത് അക്തര്‍

കറാച്ചി: കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചതിനെ സ്വാഗതം ചെയ്ത് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയില്‍ കൊവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്ലുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് താന്‍ രണ്ടാഴ്ച മുമ്പെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

ഐപിഎല്‍ നിര്‍ത്തിവെച്ചിരിക്കുന്നു, ഇത് ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഐപിഎല്‍ നിര്‍ത്തിവെക്കണമെന്നും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മനുഷ്യ ജീവനേക്കാള്‍ വലുതല്ലല്ലോ മറ്റൊന്നും-പുതിയ വീഡിയോ പങ്കുവെച്ച് അക്തര്‍ ട്വീറ്റ് ചെയ്തു.

കൊല്‍ക്കത്ത ടീമിലെ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കുമാണ് ടൂര്‍ണമെന്റിനിടെ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാനും തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി ക്യാപിറ്റല്‍സിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇന്ന് ചെന്നൈ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ മൈക് ഹസിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Top