അഖിലേഷിന്റെ സ്വപ്‌നത്തില്‍ കൃഷ്ണ ഭഗവാന്‍ എത്തിയത് ശപിക്കാന്‍ വേണ്ടി; മറുപടിയുമായി യോഗി

ലക്‌നൗ: സ്വപ്‌നത്തില്‍ കൃഷ്ണന്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അവകാശവാദത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കൃഷ്ണ ഭഗവാന്‍ അഖിലേഷ് യാദവിന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അധികാരത്തില്‍ ഉണ്ടായിരുന്ന സമയത്ത് തനിക്ക് വേണ്ടി ഒന്നും ചെയ്യാത്തതിന് ശപിക്കാന്‍ വേണ്ടിയായിരിക്കുമെന്ന് യോഗി പറഞ്ഞു. അധികാരത്തില്‍ ഉണ്ടായിരുന്ന കാലയളവില്‍ അഖിലേഷ് മധുരയ്ക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്തില്ലെന്നും സമാജ്‌വാദി പാര്‍ട്ടിക്ക് സാധിക്കാത്തത് ബി ജെ പി ചെയ്തു കാണിച്ചെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

വരാന്‍ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ അയോദ്ധ്യയിലോ മധുരയിലോ യോഗി ആദിത്യനാഥ് ബി ജെ പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ശക്തമായ പ്രചാരണങ്ങളുണ്ട്. കൃഷ്ണന്‍ പതിവായി സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്നും നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയപ്പെടുമെന്ന് തന്നോട് പറഞ്ഞതായും അഖിലേഷ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

മഥുര മണ്ഡലത്തിലേക്ക് യോഗി ആദിത്യനാഥിനെ നാമനിര്‍ദേശം ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി യുടെ രാജ്യസഭാ എം പി ഹര്‍നാഥ് സിംഗ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് അയച്ച കത്ത് പരാമര്‍ശിച്ചായിരുന്നു അഖിലേഷ് ഇങ്ങനെ പറഞ്ഞത്. മഥുര മണ്ഡലത്തില്‍ നിന്ന് യോഗി മത്സരിച്ചാല്‍ വിജയിക്കുമെന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞുവെന്നായിരുന്നു ഹര്‍നാഥ് സിംഗിന്റെ അവകാശവാദം.

 

Top