വരുണ്‍ ഗാന്ധിയെ ഒപ്പം കൊണ്ടു വരാന്‍ അഖിലേഷ് യാദവിന്റെ നീക്കം?

ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധിയെ ഒപ്പം കൊണ്ടു വരാന്‍ അഖിലേഷ് യാദവ് നീക്കം നടത്തുന്നതായി സൂചന. അഖിലേഷ് വരുണ്‍ ഗാന്ധിയോടും മേനക ഗാന്ധിയോടും സംസാരിച്ചെന്നും സൂചനകള്‍ പുറത്തുവന്നു. ബിജെപി വിട്ട എംഎല്‍എമാര്‍ ഇന്ന് സമാജ് വാദി പാര്‍ട്ടിയില്‍ ചേരും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും എസ്പി ആസ്ഥാനത്ത് എത്തി.

ബിജെപിക്കെതിരെ ചെറിയ പാര്‍ട്ടികളെ എല്ലാം ഉള്‍പ്പെടുത്തി വിശാല സഖ്യത്തിനാണ് അഖിലേഷ് യാദവ് തയ്യാറെടുക്കുന്നത്. ഇതിനെതിരെ ബിജെപി മുതിര്‍ന്ന നേതാക്കളെ എല്ലാ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്.

അതേസമയം, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കും. 130 സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതായി പാര്‍ട്ടി നേതാക്കള്‍ ഇന്നലെ സൂചന നല്കിയിരുന്നു.

പ്രചാരണ റാലികളും റോഡ് ഷോകളും അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നുണ്ടാകും. ഒരാഴ്ച കൂടി നിയന്ത്രണം വേണം എന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ നല്കിയ റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശില്‍ പതിനൊന്ന് ജില്ലകളിലെ 58 സീറ്റുകളിലാണ് നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു തുടങ്ങിയത്. മൂന്നു ദിവസത്തില്‍ എന്‍ഡിഎ വിട്ടത് പതിനാല് എംഎല്‍എമാരാണ്. ഇതു നല്കിയ തിരിച്ചടി മറികടക്കാനാണ് ബിജെപി നീക്കം. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുമ്പ് പിന്നാക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്കി.

ഗൊരഖ്പൂരില്‍ ഒരു ദളിത് കുടുംബത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാര്‍ട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. കുടുംബവാഴ്ചയില്‍ വിശ്വസിക്കുന്നവര്‍ക്ക് ആര്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയില്ല എന്നായിരുന്നു യോഗിയുടെ പ്രതികരണം.

Top