കേരളത്തെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. കേരളത്തിന് സാമ്പത്തിക സഹായത്തിന് പുറമെ മറ്റു സഹായങ്ങള്‍ കൂടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശവും അഖിലേഷ് നല്‍കിയിട്ടുണ്ട്.

വലിയ ദുരന്തം നേരിടുന്ന കേരളത്തിന് താനും ഭാര്യയും നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലേക്ക് മരുന്നും ഭക്ഷണവുമായി പുറപ്പെടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

കേരളം നേരിടുന്ന പ്രളയകെടുതിയില്‍ സഹായഹസ്തവുമായി ധാരാളം സംസ്ഥാനങ്ങളാണ് മുന്നിട്ട് വന്നിട്ടുള്ളത്.
രാജ്യത്തെ സംസ്ഥാനങ്ങള്‍ പലതും കോടി രൂപകളാണ് കേരളത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ പത്ത് കോടി രൂപ സഹായം പ്രഖ്യാപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മമത അറിയിച്ചു.

നേരത്തെ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്രയും രംഗത്തെത്തിയിട്ടുണ്ട്. 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു. കഴിയാവുന്നത്ര സഹായം കേരളത്തിനു നല്‍കാന്‍ തയാറാകണമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് പത്ത് കോടി നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം നല്‍കും. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് സര്‍ക്കാര്‍ പ്രളയദുരിതം മറികടക്കാനായി 10 കോടി നല്‍കുമെന്ന് അറിയിച്ചു. കര്‍ണാടക സര്‍ക്കാര്‍ 10 കോടി രൂപയും തമിഴ്‌നാട് 5 കോടി രൂപ കൂടി നല്‍കുമെന്നും അറിയിച്ചു.

Top