എൻ ഡി എ ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാറിനെ പ്രശംസിച്ച് അഖിലേഷ് യാദവ്

ലഖ്‌നൗ : ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ച നിതീഷ് കുമാറിനെ പ്രകീർത്തിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതൊരു നല്ല തുടക്കമാണ്, ഈ ദിവസമാണ് ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യം ഉയര്‍ന്നത്, ഇന്ന് ‘ബിജെപിയെ ഓടിക്കുക’ (‘ബിജെപി ഭഗാവോ’) എന്ന മുദ്രാവാക്യം ബിഹാറിൽ നിന്ന് വരുന്നതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. താമസിയാതെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ബിജെപിക്കെതിരെ നിലകൊള്ളുമെന്ന് കരുതുന്നുവെന്നും ഉത്തർപ്രദേശിലെ കനൗജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യാദവ് പറഞ്ഞു.

“അദ്ദേഹം വലിയ അനുഭവപരിചയമുള്ള നേതാവാണ്. അദ്ദേഹത്തെ കുറിച്ച് എന്ത് പറയാൻ കഴിയും. അദ്ദേഹത്തിന് ബീഹാറും ബീഹാർ രാഷ്ട്രീയത്തിന്റെ ഗണിതവും നന്നായി അറിയാം,” ഒരു ചോദ്യത്തിന് മറുപടിയായി അഖിലേഷ് പറഞ്ഞു.

ബിജെപിയുമായുള്ള ഭിന്നതയെ തുടർന്ന് കഴുതിഞ്ഞ ദിവസമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ചാണ് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്. ആര്‍ജെഡിയുടെയും കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെ നിതീഷിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും.

Top