‘കുറ്റകൃത്യം തടയാനാവുന്നില്ല’; കേന്ദ്രത്തെയും യുപി സർക്കാരിനെയും വിമർശിച്ചു അഖിലേഷ് യാദവ്

ലഖ്നൗ : കേന്ദ്രസർക്കാരിനെയും യുപി സർക്കാരിനെയും വിമർശിച്ചു സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ദിയോറിയയിൽ സ്ഥലത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ബിജെപി സർക്കാരിനാണെന്നു അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

‘‘പാവപ്പെട്ടവർക്കു നീതി നൽകാനും കുറ്റകൃത്യങ്ങൾ തടയാനും സർക്കാരിനാവുന്നില്ല. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള സ്ഥലതർക്കം യോഗി സർക്കാരിലെ ഉദ്യോഗസ്ഥർ പരിഹരിച്ചിരുന്നെങ്കിൽ, രക്തചൊരിച്ചിൽ നടക്കില്ലായിരുന്നു. ഉദ്യോഗസ്ഥരുടെ നീതിയുക്തമല്ലാത്ത പ്രവർത്തനം തുറന്നുകാണിക്കപ്പെട്ടു. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം. എന്നാൽ സർക്കാർ ഇതുവരെ അതു ചെയ്തിട്ടില്ല. രണ്ടു കുടുംബങ്ങൾക്കും നീതി നേടി സമാജ്‍വാദി പാർട്ടി സംഘം ദിയോറിയയിലേക്കു പോകും’’– അഖിലേഷ് യാദവ് വിശദീകരിച്ചു.

ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിന്റെ അറസ്റ്റിൽ കേന്ദ്രസർക്കാരിനെതിരെയും അഖിലേഷ് യാദവ് വിമർശനം ഉയർത്തി. സിബിഐഎയും ഇഡിയെയും കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നായിരുന്നു അഖിലേഷിന്റെ വിമർശനം. ബിജെപി ക്യാംപുകളിൽ ഇന്ത്യ മുന്നണിയെ ചൊല്ലി ഭയമുണ്ടെന്നും വരുന്ന പൊതുതിരഞ്ഞെടുപ്പിൽ യുപിയിലെ എല്ലാ സീറ്റകളിലും മുന്നണി വിജയിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Top