യുപിക്ക് വേണ്ടത് യോഗ്യതയുളള സര്‍ക്കാര്‍, ഫോണ്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത യോഗിയെ അല്ലെന്ന് അഖിലേഷ്

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ യോഗ്യതയുളള സര്‍ക്കാരാണ് വേണ്ടത്, യോഗി സര്‍ക്കാരല്ലെന്ന് അഖിലേഷ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലാപ്ടോപ് ഉപയോഗിക്കാനറിയില്ല, മൊബൈല്‍ഫോണ്‍ പോലും ഉപയോഗിക്കാനറിയില്ലെന്നാണ് താന്‍ കേട്ടിരിക്കുന്നതെന്നും അഖിലേഷ് പരിഹസിച്ചു.

നാടിന്റെ വികസനമല്ല അസംഗഡിനെ അപമാനിക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. ഒരു വ്യാപാരിയുടെ കൊലപാതകം അസംഗഡ് ജില്ലയ്ക്ക് തന്നെ അപമാനമാണെന്നും ആരെങ്കിലും ജില്ലയെ അപമാനിക്കുന്നെങ്കില്‍ അത് ബിജെപിയാണെന്ന് അഖിലേഷ് പറഞ്ഞു. യോഗി ആദിത്യനാഥിനെതിരായ ക്രിമിനല്‍ കേസുകള്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ തന്നെ പിന്‍വലിക്കാന്‍ ശ്രമിക്കുന്നുവെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

ലാപ്ടോപോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റിനെക്കുറിച്ചോ അറിയുന്ന ഒരാളാകണം യു.പിയുടെ മുഖ്യമന്ത്രിയെന്നും, ഒരു യോഗിയല്ല ആകേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

നേരത്തെ, അസംഗഡില്‍ യോഗി സര്‍ക്കാരിന്റെ കീഴില്‍ പരിവര്‍ത്തനമുണ്ടായെന്നും ‘മാഫിയ രാജ്’ അവസാനിച്ചെന്നും ബിജെപി റാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചിരുന്നു.

Top