രാജ്യത്ത് നവംബറോടെ ഇന്ധനവില 270 കടക്കും: അഖിലേഷ് യാദവ്‌

ഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍ വില ഉയരുകയാണെങ്കില്‍, നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍ വില ലിറ്ററിന് 275 രൂപയാകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഈ മാസങ്ങളിലാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്.

‘ബിജെപി ഭരണത്തിന് കീഴിലുള്ള പണപ്പെരുപ്പത്തിന്റെ ഗണിതശാസ്ത്രം’ എന്നാണ് ഭാവിയില്‍ പെട്രോളിന്റെ വിലയെക്കുറിച്ചുള്ള തന്റെ കണക്കുകൂട്ടലായി അഖിലേഷ് യാദവ് പറഞ്ഞത്. ‘പെട്രോള്‍ വില ദിനംപ്രതി 80 പൈസയോ മാസം 24 രൂപയോ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ എത്തുമ്പോഴേക്കും ഇന്ധന വില 275 രൂപയായി ഉയരും’. അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ഇതാണ് ബിജെപി ഭരണത്തിന്‍ കീഴിലുള്ള പണപ്പെരുപ്പത്തിന്റെ ഗണിതശാസ്ത്രം’. അഖിലേഷ് പരിഹസിച്ചു.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ വലിയ വര്‍ധനവാണുണ്ടായത്.

 

Top