Akhilesh launches Samajwadi Party smartphone yojana

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സൗജന്യ സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്ര്‌ടേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു.നവംബര്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള കാലാവധി.

2017ല്‍ നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം നിലനിര്‍ത്താനായാല്‍ മാത്രമെ സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കുകയുള്ളൂ.

സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതിന് കുറച്ച് നിബന്ധനകളുണ്ട്. 2017 ജനുവരി ഒന്നിന് പതിനെട്ട് വയസ്സും അതിനു മുകളിലുള്ളവര്‍ക്കുമാണ് സമാര്‍ട്ട് ഫോണിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. യു.പി സ്വദേശികളായ പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ പാസായവര്‍ക്ക് മാത്രമേ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുകയുള്ളു.

വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ താഴേ ആയിരിക്കണം. അപേക്ഷകരോ അവരുടെ രക്ഷിതാക്കളോ സര്‍ക്കാര്‍ ജോലിയുള്ളവരാകരുത് തുടങ്ങിയവയാണ് നിബന്ധനകള്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗജന്യ ലാപ്‌ടോപ്പായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ വാഗ്ദാനം. സര്‍ക്കാറിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളെ അറിയിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ സഹായകമാകുമെന്നതിനാലാണ് സ്മാര്‍ട്‌ഫോണ്‍ വാഗ്ദാനം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വിശദീകരണം.

പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി നേതാവ് മായാവതിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Top