യു.പിയിൽ ‘കൊടുങ്കാറ്റായി’ അഖിലേഷ്, ആശങ്കയിൽ യോഗിയും സംഘവും !

യു.പിയില്‍ സംസ്ഥാന ഭരണം പിടിക്കാനൊരുങ്ങി സമാജ് വാദി പാര്‍ട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ അട്ടിമറി വിജയമാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രതീക്ഷകളും വര്‍ദ്ധിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ സംഭവിച്ച ഈ തിരിച്ചടി കാവിപ്പടയില്‍ വലിയ വിള്ളലാണ് നിലവില്‍ സുഷ്ടിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ ഡല്‍ഹിയില്‍ നിന്നും യു.പിയിലെത്തിയ ബി.ജെ.പിയുടെ പ്രത്യേക സംഘവും സ്ഥിതി അതീവ ഗുരുതരമാണെന്ന വിവരമാണ് പ്രധാനമന്ത്രിക്കുള്‍പ്പെടെ കൈമാറിയിരിക്കുന്നത്.

ബി.ജെ.പി ശക്തികേന്ദ്രമായ അയോദ്ധ്യയിലും മഥുരയിലും നേരിട്ട തിരിച്ചടി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തെയും ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ഗൊരഖ്പൂരില്‍ പോലും ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഇവിടെ ഒപ്പത്തിനൊപ്പം എന്നതാണ് നിലവിലെ സ്ഥിതി. ഗൊരഖ്പൂരിലെ 68 സീറ്റുകളില്‍ ബിജെപിയും എസ്പിയും 20 വീതം സീറ്റ് പിടിച്ചപ്പോള്‍ 23 സ്വതന്ത്രന്മാരും വിജയിച്ചിട്ടുണ്ട്. എഎപി, കോണ്‍ഗ്രസ്, നിഷാദ് പാര്‍ട്ടി എന്നിവര്‍ക്ക് ഒരോ സീറ്റുകള്‍ വീതവും ബിഎസ്പിക്ക് രണ്ടു സീറ്റുകളും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ 40 സീറ്റുകളില്‍ ബിജെപിയ്ക്ക് ആകെ ജയിക്കാനായത് ഒരു സീറ്റില്‍ മാത്രമാണ്. ഇവിടെ സമാജ്‌വാദി പാര്‍ട്ടി 24 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

ബിഎസ്പിക്ക് അഞ്ചു സീറ്റുകളിലും വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. മഥുരയിലെ 33 സീറ്റുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ബിജെപി ജയിച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയാകട്ടെ ഇവിടെ 13 സീറ്റുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഈ വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസമാണ് സമാജ് വാദി പാര്‍ട്ടിയുടെ കരുത്ത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അഖിലേഷ് യാദവിനെ തന്നെ അവതരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ആം ആദ് മി പാര്‍ട്ടി ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടി എന്നിവയുമായും അഖിലേഷ് യാഥവ് സഖ്യത്തിനായി ശ്രമിക്കുന്നുണ്ട്. ബി.എസ്.പിയുടെ അടിത്തറ ചന്ദ്രശേഖര്‍ ആസാദ് തകര്‍ക്കുമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസ്സുമായി ഉണ്ടാക്കിയ സഖ്യമെല്ലാം വന്‍ പരാജയമായതിനാല്‍ ഇത്തവണ കോണ്‍ഗ്രസ്സിനെ അടുപ്പിക്കേണ്ടതില്ലന്ന നിലപാടിനാണ് സമാജ് വാദി പാര്‍ട്ടിയില്‍ മുന്‍തൂക്കമുള്ളത്. 80 ലോകസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമായതിനാല്‍ യു.പിയില്‍ ഭരണം നിലനിര്‍ത്തേണ്ടത് ബി.ജെ.പിയുടെയും അഭിമാന പ്രശ്‌നമാണ്. യു.പി കൈവിട്ടാല്‍ ഒന്നിനു പുറകെ ഒന്നായി മറ്റു സംസ്ഥാനങ്ങളും കൈവിട്ടു പോകുമെന്ന ഭീതിയും ബി.ജെ.പി ദേശീയ നേതൃത്വത്തിനുണ്ട്. മാത്രമല്ല യു.പിയില്‍ ബി.ജെ.പി വീണാല്‍ ദേശീയ തലത്തില്‍ തന്നെ പ്രതിപക്ഷ ഐക്യത്തിനും സാധ്യത കൂടുതലാണ്. കേന്ദ്രത്തില്‍ മൂന്നാം ഊഴം ആഗ്രഹിക്കുന്ന നരേന്ദ്ര മോദിക്കാണ് ഇത്തരമൊരു ഐക്യം ഏറെ വെല്ലുവിളിയാകുക. ആര്‍.എസ്.എസ് ദേശീയ നേതൃത്വവും യു.പിയിലെ സംഭവ വികാസങ്ങളെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

യു.പിയില്‍ ഫലപ്രദമായ ‘ചികിത്സ’ ആവശ്യമാണെന്ന ആര്‍.എസ്.എസ് നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ബി ജെ.പി ദേശീയ നേതൃത്വം പ്രത്യേക സംഘത്തെ അയച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്ത രീതിക്കെതിരെ ജനങ്ങളില്‍ വ്യാപക അസംതൃപ്തി ഉണ്ടെന്ന കാര്യവും ഈ സംഘത്തിന് ഇതിനകം തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. ഈ അതൃപ്തി മറികടക്കാനും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി തുടര്‍ച്ചയായി നിരവധി യോഗങ്ങളാണ് യു.പിയില്‍ നടന്നു വരുന്നത്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും മുന്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിംഗും യുപി മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ച് വിലയിരുത്താന്‍ അവരുമായി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം തന്നെയാണ് നടത്തിയിരിക്കുന്നത്.

ഈ സംഘം യോഗി ആദിത്യനാഥുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ യോഗി ഉള്‍പ്പെടെയുള്ളവരെ മാറ്റി പുതിയ ടീം വരട്ടെ എന്ന നിര്‍ദ്ദേശവും ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത് മാത്രമായിരിക്കും. അതേസമയം കോവിഡ് കൈകാര്യം ചെയ്തതിലെ പിഴവാണ് സംസ്ഥാനത്ത് മരണം കൂടാന്‍ കാരണമായതെന്നാണ് സമാജ് വാദി പാര്‍ട്ടി ആരോപിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ യുപിയില്‍ മരണനിരക്ക് കുത്തനെയാണ് ഉയര്‍ന്നിരിക്കുന്നത്. ഗംഗാനദിയിലൂടെ മൃതദേഹങ്ങള്‍ ഒഴികി നടന്നതും ഗംഗാതീരത്ത് മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌ക്കരിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും യു.പി ഭരണകൂടത്തെയാണ് വെട്ടിലാക്കിയിരിക്കുന്നത്.

ബി.ജെ.പി എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഭരണകൂടത്തിനെതിരെ രംഗത്ത് വരുന്ന അസാധാരണ സാഹചര്യവും ഇതേ തുടര്‍ന്നുണ്ടായിട്ടുണ്ട്. സര്‍ക്കാരിനെതിരെ സംസാരിച്ചതിന് ലക്‌നൗവില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള സീതാപൂര്‍ ജില്ലയിലെ ബിജെപി എംഎല്‍എയ്ക്ക് എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്ന് ഭയപ്പെടുന്നതിലേക്ക് വരെയാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ്ണസജ്ജമായിട്ടും ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ”താന്‍ കൂടുതല്‍ പറഞ്ഞാല്‍ തനിക്കെതിരേ പോലും രാജ്യദ്രോഹക്കുറ്റം വരുമെന്നായിരുന്നു” ഈ ബി.ജെ.പി എംഎല്‍എ പരസ്യമായി ആശങ്കപ്പെട്ടിരുന്നത്.

സ്വന്തം കാലിനടിയിലെ മണ്ണാണ് ഒലിച്ചു പോകുന്നതെന്ന യാഥാര്‍ത്ഥ്യം യോഗി തിരിച്ചറിഞ്ഞാലും ഇല്ലങ്കിലും യു.പി യിലെ ബി.ജെ.പി എം.എല്‍.എമാര്‍ എന്തായാലും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. തിരുത്തല്‍ നടപടി ഉടന്‍ കൈ കൊണ്ടില്ലങ്കില്‍ ദയനീയ പരാജയം നേരിടേണ്ടി വരുമെന്നതാണ് അവരുടെ മുന്നറിയിപ്പ്. കര്‍ഷക സമരം അനന്തമായി നീളുന്നതിലും ബി.ജെ.പിയിലെ പ്രബല വിഭാഗത്തിന് വലിയ ആശങ്കയുണ്ട്. അഖിലേഷ് യാഥവിന്റെ സഖ്യത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് കൂടി അണിചേര്‍ന്നാല്‍ ബി.ജെ.പിക്ക് അത് വലിയ ഭീഷണിയായാണ് മാറുക. ഈ വെല്ലുവിളികളെ കാവിപ്പട എങ്ങനെ നേരിടുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. യു.പിയില്‍ യോഗി ‘യുഗം’ അവസാനിച്ചാല്‍ അധികം താമസിയാതെ കേന്ദ്രത്തില്‍ മോദിയുഗവും അവസാനിക്കും. രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും അതു തന്നെയാണ്.

Top