എ.കെ.ജി സെൻറർ ആക്രമണം; ഇരുട്ടിൽ തപ്പി പൊലീസ്, വാഹനങ്ങളുടെ വിവരം ശേഖരിച്ചിട്ടും ഫലമില്ല

തിരുവനന്തപുരം: എ.കെ.ജി സെന്ററിനുനേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്താൻ ആയിരക്കണക്കിന് വാഹന ഉടമകളുടെ വിവരം ശേഖരിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. സംഭവം നടന്ന് ആറു ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. അന്വേഷണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർ അക്കാര്യം പ്രകടിപ്പിച്ചു.

ചുവന്ന സ്കൂട്ടറിലാണ് ആക്രമിയെത്തിയത് എന്ന വിവരം മാത്രമാണ് പൊലീസിനുള്ളത്. അതിൻറെ അടിസ്ഥാനത്തിൽ പ്രതി സഞ്ചരിച്ച സ്കൂട്ടറിൻറെ അതേ മോഡൽ ഉപയോഗിക്കുന്നവരുടെ വിവരമാണ് മോട്ടോർ വാഹന വകുപ്പിൽനിന്നും വാഹന വിതരണക്കാരിൽനിന്നും പൊലീസ് ശേഖരിച്ചത്. അതിൽ ആയിരത്തിലേറെ വാഹന ഉടമകൾക്ക് ഇതുമായി ബന്ധമില്ലെന്ന് കണ്ടെത്തി. മറ്റുള്ളവരെക്കുറിച്ച വിവരങ്ങൾ പരിശോധിച്ചുവരുകയാണ്.

മൊബൈൽ ടവർ ലൊക്കേഷനും മറ്റു സ്ഥലങ്ങളിലെ സി.സി ടി.വി കാമറകളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. അക്രമത്തിനു പിന്നിൽ ഒന്നിൽകൂടുതൽപേർ ഉണ്ടായിരുന്നെന്ന് പറഞ്ഞ പൊലീസ് ഇപ്പോൾ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മാത്രമേ ബന്ധമുള്ളൂവെന്ന നിലപാടിലാണ്.

 

Top