എ.കെ.ജി സെന്റർ ആക്രമണം; ചോദ്യം ചെയ്യൽ തുടരുന്നു; ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.അതേ സമയം തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.ജിതിനെ കോൺഗ്രസ്സ് സംരക്ഷിക്കുമെന്ന് കെ. പി സി സി അധ്യക്ഷൻ കെ.സുധാകരൻ ഇന്നലെ വ്യകതമാക്കിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വരികയാണ്.എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിയാൻ ജിതിന് മാറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.ഗൗരീശപട്ടത്തു വെച്ച് ജിതിന് വാഹനം കൈമാറിയ മറ്റൊരാളെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.മാത്രവുമല്ല കേസിൽ നിർണ്ണായകമായ ഡിയോ സ്‌കൂട്ടർ കണ്ടെത്തണം.ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. തെളിവുകളായ ടീ ഷർട്ടും,ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്. ഇതിനായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു എ.കെ.ജി സെന്ററിലടക്കം രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.

Top