ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: കെ സുധാകരന്‍

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമിച്ച കേസിലെ പ്രതികളെ പത്ത് ദിവസമായിട്ടും കണ്ടെത്താത്തത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടും പ്രതിയെ പിടിക്കാത്ത കേരളാ പൊലീസ് തികഞ്ഞ പരാജയമാണെന്ന് കെ സുധാകരൻ വിമർശിച്ചു. സ്വന്തം ഓഫിസിന് നേരെ ആക്രമണം നടത്താൻ പദ്ധതി ആസൂത്രണം ചെയ്തത് ഇ പി ജയരാജനാണെന്ന വിമർശനമാണ് കെ സുധാകരൻ ആവർത്തിക്കുന്നത്. ഇ പി ജയരാജനും പി ജെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ വഴിതിരിച്ചുവിടാൻ പിണറായി വിജയൻ എന്ത് നീചകൃത്യവും ചെയ്യുമെന്നും കേരളത്തെ കലാപഭൂമിയാക്കുമെന്നും കെ സുധാകരൻ ആഞ്ഞടിച്ചു. മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിന്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂഎന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുധാകരൻ പറഞ്ഞു.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘കിട്ടിയോ’?

പാതിരാക്ക് പുസ്തകം വായിച്ചിരുന്ന ശ്രീമതി ടീച്ചറെ പിടിച്ചു കുലുക്കിയ സംഭവം നടന്നിട്ട് ഇന്നേക്ക് പത്തു ദിവസം. പോലീസ് നായക്കും മുൻപേ ഇടതുമുന്നണി കൺവീനർ രണ്ട് സ്റ്റീൽ ബോംബുകളുടെ മണം പിടിച്ചിട്ട് ഇന്നേക്ക് പത്തു ദിവസം. എന്നിട്ടും ഇതുവരെ ആളെ ‘കിട്ടിയോ’?

സ്വന്തം ഓഫീസിന് മുന്നിൽ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിർമാണ വിദഗ്ദ്ധനും സിപിഎമ്മിലെ ‘സയന്റിസ്റ്റും ‘ ആയ കൺവീനറുടെ പേരിലും,പച്ചക്കള്ളം നിർലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാൻ കേരളാ പോലീസ് തയ്യാറാകണം. ഇവരാണ് യഥാർത്ഥ കലാപകാരികൾ. ഇവരാണ് യഥാർത്ഥ കള്ളന്മാർ.
സ്വന്തം മൂക്കിൻ കീഴിൽ നടന്ന സംഭവത്തിൽ CCTV ദൃശ്യങ്ങൾ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത കേരളാ പോലീസ് തികഞ്ഞ പരാജയമാണ്. കേരളത്തിന് മുഴുവൻ സത്യമറിയാവുന്ന കാര്യത്തിൽ ഭരണകക്ഷിയെ ഭയന്ന് പോലീസ് കാണിച്ചുകൂട്ടുന്ന കാര്യങ്ങളൊക്കെയും ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇനിയും ഇതുപോലെ മുന്നോട്ട് പോയാൽ, സിപിഎമ്മിലെ ചില നേതാക്കളെക്കാൾ വലിയ കോമാളികളായി കേരളാ പോലീസ് മുദ്രകുത്തപ്പെടും.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ വഴിതിരിച്ചു വിടാൻ എന്തു നീചകൃത്യവും പിണറായി വിജയൻ ചെയ്യും. കേരളത്തെ കലാപ ഭൂമിയാക്കി ജനങ്ങളെ ചേരിതിരിച്ച് തമ്മിൽ തല്ലിക്കും. മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിന്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂ.

Top