എകെജി സെന്റർ ആക്രമണം; പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.

ആക്രമണത്തിന് പിന്നാലെ സുബീഷ് കുവൈത്തിലേക്ക് കടന്നിരുന്നു. ഇയാളാണ് ആക്രമണത്തിന് ഉപയോഗിച്ച വാഹനം കഴക്കൂട്ടത്ത് വരെ എത്തിച്ച് നൽകിയത്. ആക്രമണത്തിന്റ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാൻ വിദേശത്തേക്ക് കടന്നോ എന്ന് അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ നാളെ ലഭ്യമാകുമെന്നാണ് വിവരം. ഇതിനിടെയാണ് മൂന്ന് പ്രതികൾക്കെതിരെയും പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സുഹൈൽ ഷാജഹാന്റെ ഫേസ്ബുക്ക് പേജിലെ ചില പോസ്റ്റുകൾ പരിശോധിച്ചപ്പോൾ ലൊക്കേഷൻ തിരുവനന്തപുരത്താണെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ, ഇത് മറ്റാരെങ്കിലും പോസ്റ്റ് ചെയ്തതാണോ എന്ന സംശയം പൊലീസിനുണ്ട്. അതേസമയം, മറ്റൊരു പ്രതി നവ്യ തൃശൂരുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ പ്രതി ചേർക്കുന്നതിന് മുൻപ് തന്നെ സുഹൈലും നവ്യയും ഒളിവിൽ പോയെന്നാണ് നേരത്തെ അന്വേഷണ സംഘം കണ്ടത്തിയത്.

Top