എ.കെ.ജി സെന്റര്‍ ആക്രമണം: 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സ്ഥലത്തേക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളാണെന്ന് പോലീസ്. അക്രമിയെ തിരിച്ചറിയാനോ ഇയാള്‍ വന്ന വാഹനം കണ്ടെത്താനോ സാധിച്ചില്ലെങ്കിലും ഇതിന് പിന്നില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടാകാമെന്ന സാധ്യത തള്ളിക്കളയാനാകില്ല. ആക്രമണം നടന്ന സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയതാണ് സംശയം ബലപ്പെടുത്തുന്നത്.

ആക്രമണത്തിനുപയോഗിച്ചത് സ്ഫോടകവസ്തു തന്നെയാന്നെന്നാണ് പോലീസ് നിഗമനം. അക്രമം ബോംബെറിഞ്ഞാണ് എന്നുള്ള ആരോപണങ്ങള്‍ ആദ്യം ഉയര്‍ന്നിരുന്നു. അത് ബോംബാണ് എന്ന് പോലീസോ ഫോറന്‍സിക് വിഭാഗമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൈകൊണ്ട് തയ്യാറാക്കാവുന്ന സ്ഫോടക വസ്തുവാണ് ഉപയോഗിച്ചത് എന്ന് വ്യക്തമാണ്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു.

എകെജി സെന്ററിന്റെ വശത്തുകൂടി താഴേയ്ക്ക്, കുന്നുകുഴി ജങ്ഷനിലേക്ക് ചെറിയ റോഡുണ്ട്. ഈ റോഡിന്റെ തുടക്കത്തില്‍ വലതുവശത്തായാണ് സ്ഫോടകവസ്തു എറിഞ്ഞത്.

Top