ഭീതിയുടെ പുതുമഴയുമായി അവള്‍ വീണ്ടും. . . ആകാശഗംഗ 2 ട്രെയിലര്‍

വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ചിത്രം ആകാശഗംഗ 2 ട്രെയിലര്‍ റിലീസ് ചെയ്തു. ആദ്യ ഭാഗത്തെ ഓര്‍മപ്പെടുത്തുന്ന നിരവധി രംഗങ്ങള്‍ക്ക് പുറമെ പേടിപ്പെടുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. ആദ്യ ഭാഗത്തിലെ ഹിറ്റ് ഗാനമായ പുതുമഴയായി വന്നു എന്ന ഗാനവും ട്രെയിലറില്‍ ഉപയോഗിച്ചിട്ടുണ്ട്.

രമ്യാ കൃഷ്ണന്‍,ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖം ആതിരയാണ് നായിക. ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ-2 പറയുന്നത്. മലയാളത്തിലും തമിഴിലുമാണ് ഈ ഹൊറര്‍ ചിത്രം ഒരുക്കുന്നത്. ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും

ആദ്യ ചിത്രം കഴിഞ്ഞു ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുങ്ങുന്നത്. ആദ്യഭാഗം ചിത്രീകരിച്ച പാലക്കാട്ടെ വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ‘ആകാശഗംഗ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും നടന്നത്. ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് ‘ആകാശഗംഗ 2’. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രകാശ് കുട്ടി ക്യാമറയും ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ‘ആകാശഗംഗ’യിലെ പാട്ട് ബേണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന്‍ മേക്കപ്പും ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില്‍ ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിങ് ചെയ്യുന്നത് തപസ് നായ്ക് ആണ്.

Top