നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ; വമ്പൻ റിക്രൂട്ട്മെന്റുകൾക്ക് സാധ്യത

ഡൽഹി: ഈ വർഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ. അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുൻ‌ജുൻ‌വാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികളുള്ള ആകാശ എയർ രാജ്യത്തെ ഏറ്റവും പുതിയ എയർലൈനാണ്.

“വർഷാവസാനത്തോടെ ഞങ്ങൾ വിമാനങ്ങൾക്കായി വലിയ ഓർഡർ നൽകും, എന്നാൽ അതെത്രയായിരിക്കും എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല’ എന്ന് ആകാശ എയറിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു.

എയർ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാർ എയർബസിനും ബോയിങ്ങിനും നൽകി ദിവസങ്ങൾക്ക് ശേഷമാണ് ആകാശ എയറിന്റെ പ്രഖ്യാപനം. ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ, പുതിയ ഫ്ലൈറ്റുകൾക്കായി 300-ലധികം പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ്. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ആകാശ എയറിന് 3,500 പൈലറ്റുമാരെങ്കിലും വേണ്ടിവരുമെന്ന വിനയ് ദുബെ പറഞ്ഞു. 2023-ഓടെ അന്താരാഷ്‌ട്ര തലത്തിലേക്ക് കടക്കാനാണ് ആകാശ എയർ പദ്ധതിയിടുന്നതെന്നും ബംഗളൂരുവിൽ ഒരു ലേണിംഗ് അക്കാദമി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും വിനയ് ദുബെ വ്യക്തമാക്കി.

ആകാശ എയർ ഇതിനകം തന്നെ പുതിയ 72 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ 18 എണ്ണം ഇതിനകം എത്തിയതായാണ് റിപ്പോർട്ട് . രാജ്യത്ത് അതിവേഗം വളരുന്ന എയർലൈനുകളിൽ ഒന്നാണ് ആകാശ എയർ. എയർലൈനിൽ നിലവിൽ 2,000 ജീവനക്കാരുണ്ട്, അതായത് ഒരു വിമാനത്തിൽ ഏകദേശം 100-110 ജീവനക്കാർ. അടുത്ത 12 മാസത്തിനുള്ളിൽ 300 പൈലറ്റുമാരെ ഉൾപ്പെടുത്തുമെന്ന് ദുബെ പറഞ്ഞു.

ഇന്ത്യയിലെ വിമാനക്കമ്പനികൾ വളർച്ചയുടെ പാതയിലാണ്. ഇന്ത്യൻ വ്യോമയാന മേഖലയിൽ “ആഭ്യന്തര ട്രാഫിക്കിൽ പ്രതിവർഷം 48.9 ശതമാനം വർദ്ധനവ്” ഉണ്ടായതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ ജനുവരിയിൽ വ്യക്തമാക്കിയിരുന്നു

Top