കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് എ,കെ ശശീന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥരുമായി ആലോചിച്ച് കൂടുതല്‍ നിയന്ത്രണത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ജാഗ്രത പാലിക്കാതെയാണ് പൊതുജനങ്ങള്‍ നിരത്തിലിറങ്ങുന്നത്. നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്ക് കുറവില്ല.

രാത്രി ആറിന് ശേഷവും ആള്‍ക്കൂട്ടങ്ങളാണുള്ളത്. ജില്ലയില്‍ നിരോധനാജ്ഞയുണ്ട്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ല. എന്നാലിത് പാലിക്കപ്പെടുന്നില്ല. പൊലീസിനെ കാണുമ്പോള്‍ മാത്രം ഒഴിഞ്ഞ് മാറുന്ന നിലയിലാണ് ആള്‍ക്കൂട്ടം.
പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടങ്ങളാണ് ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ബുധനാഴ്ച മാത്രം 1576 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 736, തിങ്കളാഴ്ച 641, ഞായറാഴ്ച 1164, ശനിയാഴ്ച 941 എന്നിങ്ങനെയാണ് കോഴിക്കോട്ടെ കൊവിഡ് കണക്കുകള്‍.

Top