മനുഷ്യര്‍ക്കൊപ്പം വന-വന്യജീവി സംരക്ഷണവും മുഖ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വനമേഖലയില്‍ താമസിക്കുന്ന മനുഷ്യര്‍ക്കൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും മുഖ്യമാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ഇതിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ സമാപനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘കാടുകള്‍ വ്യവസായ ആവശ്യത്തിനാണെന്ന ധാരണയോടെ പെരുമാറുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിക്കേണ്ടിയിരിക്കുന്നു. വന്യജീവികളും വനവും നാടിന്റെ അമൂല്യ സമ്പത്തുകളാണ്. അതിനെ ചൂഷണം ചെയ്യുന്ന സ്ഥിതി ഉണ്ടാകുമ്പോഴാണ് പ്രകൃതി ദുരന്തമുള്‍പ്പെടെ ഉണ്ടാകുന്നത്. സര്‍വ്വ നാശത്തിലേക്കു നയിക്കുന്ന ഇത്തരം പ്രവണതകളില്‍ നിന്നും മനുഷ്യന്‍ മാറി ചിന്തയ്ക്കാന്‍ തുടങ്ങിയെന്നത് ആശ്വാസകരമാണ്.’

മനുഷ്യനും പ്രകൃതിയും ഒന്നിച്ചു പോകുന്ന പുതിയ സംസ്‌കാരത്തിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. വനത്തെയും വന്യജീവികളെയും ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കും. ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും അനുകൂലമായ നടപടികള്‍ക്കാണ് വനം വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top