കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ ഉടന്‍ പിരിച്ചു വിടില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ ഉടനെ പിരിച്ചു വിടില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ രംഗത്ത്. സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിധി വരുന്നത് വരെ സര്‍ക്കാരിന് സമയം ഉണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 30നുള്ളില്‍ 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് കെഎസ്ആര്‍ടിസി അടുത്ത ദിവസം ഹൈക്കോടതിയില്‍ ആവശ്യപ്പെടും. 1565 എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നടപ്പാക്കുവാന്‍ ഹൈക്കോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് കെഎസ്ആര്‍ടിസിയുടെ നീക്കം.

Top