മുട്ടില്‍ കേസ്; ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ചതെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറിയില്‍ വിശദീകരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ചത്. ഇതില്‍ വനം വകുപ്പിന് ഒരു പങ്കുമില്ല. ഉത്തരവിറങ്ങിയതും റദ്ദാക്കിയതും റവന്യു വകുപ്പാണാണെന്ന് മന്ത്രി പറഞ്ഞു. വനഭൂമിയില്‍ നിന്നല്ല, പട്ടയ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ധനേഷ് കുമാറിനെ മാറ്റിയത് താന്‍ അറിഞ്ഞില്ലെന്നും അന്വേഷിക്കാമെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയെന്ന കാര്യം അന്വേഷിക്കാന്‍ വനംവകുപ്പിന് അധികാരമില്ല. അധികാരമുണ്ടെങ്കില്‍ അന്വേഷിക്കും. മരം കടത്താന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മരം മുറികേസിലെ പ്രതി റോജി അഗസ്റ്റിനെ 2020 ല്‍ കണ്ടിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ സമ്മതിച്ചു. തന്നെ വന്ന് കണ്ടെങ്കിലും ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു. ജൂണ്‍ മാസത്തിലാണ് റോജി തന്നെ കണ്ടത്. കണ്ടതുകൊണ്ട് സഹായിക്കണമെന്നില്ലെന്നും ഉത്തരവിറക്കിയതിന് ശേഷം തന്നെ ആരും കണ്ടിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം സമഗ്ര അന്വേഷണം വേണമെങ്കില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top