പുറത്ത് പോകും മുൻപേ തന്നെ, ഈ അധികാര മോഹികളെ പുറത്താക്കണം

താനും ദിവസങ്ങളായി സംസ്ഥാനത്തെ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച എന്‍.സി.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ ചുറ്റിപറ്റിയാണ്. ഇത്രമാത്രം ചര്‍ച്ച നടത്താന്‍ എന്ത് പ്രാധാന്യമാണ് ആ പാര്‍ട്ടിക്കുള്ളത് എന്നത് സംബന്ധിച്ചാണ് യഥാര്‍ത്ഥത്തില്‍ ചര്‍ച്ച നടത്തേണ്ടത്. കേരള രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയും ഇല്ലാത്ത പാര്‍ട്ടിയാണ് എന്‍.സി.പി. ഇപ്പോള്‍ വീമ്പിളക്കുന്ന പാലാ എം.എല്‍.എ മാണി സി കാപ്പന്‍ ഒറ്റക്ക് മത്സരിച്ചാല്‍ എട്ടു നിലയിലാണ് പൊട്ടുക.

എന്‍.സി.പിക്ക് സ്വന്തമായി ഒരു വാര്‍ഡില്‍ പോലും ജയിക്കാനുള്ള സ്വാധീനമില്ലെന്ന യാഥാര്‍ത്ഥ്യം, ചാനലുകളും, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മാന്യന്‍മാരും മനസ്സിലാക്കുന്നത് നല്ലതാണ്. ഇങ്ങനെയുള്ള ഒരു ഈര്‍ക്കിള്‍ പാര്‍ട്ടിക്ക് നാല് നിയമസഭ സീറ്റുകളാണ് ഇടതുപക്ഷം കഴിഞ്ഞ തവണ മത്സരിക്കാന്‍ നല്‍കിയിരുന്നത്. എലത്തൂര്‍, കുട്ടനാട്, പാല, കോട്ടയ്ക്കല്‍ മണ്ഡലങ്ങളാണിത്. ഇതില്‍ കോട്ടയ്ക്കല്‍ ഒഴികെയുള്ള മൂന്ന് മണ്ഡലങ്ങളിലും അവര്‍ക്ക് വിജയിക്കാനും കഴിഞ്ഞു. ഒരു മന്ത്രിസ്ഥാനവും എന്‍.സി.പിക്കായി ഇടതുപക്ഷം വിട്ടു നല്‍കുകയുമുണ്ടായി. നിലവില്‍ രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്ക് ഉള്ളത്. കോഴിക്കോട് ജില്ലയിലെ എലത്തൂരും കോട്ടയത്തെ പാലായുമാണ് ആ രണ്ട് മണ്ഡലങ്ങള്‍.

 

കുട്ടനാട് എം.എല്‍.എ ആയിരുന്ന തോമസ് ചാണ്ടി മരണപ്പെട്ടതോടെ ആ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല. പൊതു തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കുന്നതിനാല്‍ അതിന് ഇനി പ്രസക്തിയുമില്ല. യു.ഡി.എഫിനെ പോലെയല്ല ഇടതുപക്ഷത്തെ ഘടന. ഘടക കക്ഷികള്‍ ഇല്ലാതെ ഒരടി മുന്നോട്ട് പോകാന്‍ യു.ഡി.എഫിന് കഴിയുകയില്ല. മുസ്ലീംലീഗും ആര്‍.എസ്.പിയും അവര്‍ക്ക് അവിഭാജ്യ ഘടകമാണ്. യു.ഡി.എഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പിന് പോലും അവരുടെ മണ്ഡലമായ പിറവത്ത് സ്വാധീനമുണ്ട്. ജനസ്വാധീനമുള്ള ജോസ്.കെ മാണി വിഭാഗത്തെ പുറത്താക്കിയതാണ് യു.ഡി.എഫ് ചെയ്ത ഏറ്റവും വലിയ മണ്ടത്തരം. ആ വിടവ് നികത്താന്‍ എന്‍.സി.പി മതി എന്ന് ചിന്തിക്കുന്നവര്‍ ശരിക്കും വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഇതിലും ഭേദം സ്വതന്ത്രരെ മുന്‍ നിര്‍ത്തി യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതാണ്.

സ്വന്തം നിലയ്ക്ക് ഒരു മണ്ഡലത്തിലും വിജയിക്കാനുള്ള ശേഷി എന്‍.സി.പിക്ക് ഇല്ല. സി.പി.എം ശക്തികേന്ദ്രമായ എലത്തൂര്‍ എ.കെ ശശീന്ദ്രന് വിട്ട് നല്‍കിയത് സി.പി.എം ചെയ്ത വലിയ വിട്ടു വീഴ്ചയാണ്. വിപ്ലവ മണ്ണായ ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലം എന്‍.സി.പിക്ക് നല്‍കിയതും അസാധാരണ നടപടിയായിരുന്നു. ഒറ്റയ്ക്ക് നിന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും വിജയിക്കുക സി.പി.എം സ്ഥാനാര്‍ത്ഥികളായിരിക്കും. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പോലും ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമുണ്ടാകാന്‍ തരമില്ല. പാലാ സീറ്റ് വിട്ടു നല്‍കിയതും മുന്നണി മര്യാദ പാലിച്ചാണ്. അതല്ലാതെ, മാണി സി കാപ്പന്റെ മിടുക്ക് കണ്ടല്ല. പാലായില്‍ കാപ്പനേക്കാള്‍ എല്ലാ അര്‍ത്ഥത്തിലും ശക്തി ജോസ്.കെ മാണിക്ക് തന്നെയാണ്.

 

മധ്യ തിരുവതാംകൂറില്‍ ഇത്തവണ ഇടതുപക്ഷ മുന്നേറ്റത്തിന് വലിയ പങ്കുവഹിച്ചതും ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ്സാണ്. ഈ യാഥാര്‍ത്ഥ്യമൊന്നും കാണാതെ സി.പി.എമ്മിന് മുന്നോട്ട് പോകാന്‍ കഴിയുകയില്ല. കണക്കുകള്‍ എല്ലാം കൃത്യമായി തന്നെ ആ പാര്‍ട്ടിയുടെ കൈവശവുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് സീറ്റുകള്‍ നല്‍കാന്‍ ഏറ്റവും അധികം വിട്ടുവീഴ്ച ചെയ്ത പാര്‍ട്ടിയും സി.പി.എമ്മാണ്. അക്കാര്യവും വീരവാദം മുഴക്കുന്നവര്‍ മറന്നു പോകരുത്.

യു.ഡി.എഫില്‍, മുസ്ലീം ലീഗ് മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുകളിലാണ് ഇടതുപക്ഷത്ത് സി.പി.ഐ മത്സരിക്കുന്നത്. ലീഗിന്റെയും സി.പി.ഐയുടെയും ശക്തി തരതമ്യപ്പെടുത്തുമ്പോള്‍ ഇത്രയും സീറ്റുകള്‍ സി.പി.ഐക്ക് നല്‍കേണ്ടതുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. നാല് മന്ത്രി സ്ഥാനവും ഒരു ചീഫ് വിപ്പ് സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് സി.പി.ഐക്ക് ഇടതുപക്ഷം നല്‍കിയിരിക്കുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസ്സ് എസിന് സീറ്റ് നല്‍കി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ മന്ത്രിയാക്കിയതും സി.പി.എമ്മിന്റെ താല്‍പ്പര്യത്തിലാണ്. ജനതാദള്‍ സെക്കുലറിന് മൂന്ന് എം.എല്‍.എമാരെ മാത്രമല്ല മന്ത്രി സ്ഥാനവും നല്‍കുകയുണ്ടായി. ഈ പാര്‍ട്ടികള്‍ക്ക് പുറമെ ആര്‍.എസ്.പി ( ലെനിനിസ്റ്റ് ), കേരള കോണ്‍ഗ്രസ്സ് ( സ്‌കറിയാ തോമസ് വിഭാഗം) ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ്സ് (ബി), ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയവയാണ് ഇടതുപക്ഷത്തെ മറ്റു ഘടക കക്ഷികള്‍.

 

 

ഇതില്‍, കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗവും സി.പി.ഐയും കഴിഞ്ഞാല്‍ പിന്നെ അല്പമെങ്കിലും സ്വാധീനമുള്ളത് കേരള കോണ്‍ഗ്രസ്സ് (ബി)ക്കാണ്. കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളിലാണ് ഈ പാര്‍ട്ടിക്ക് സ്വാധീനമുള്ളത്. മറ്റു ഘടക കക്ഷികളുടെ സ്വാധീനം വിലയിരുത്താതിരിക്കുന്നതാകും ഉചിതം. സി.പി.എമ്മിന്റെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും കരുത്താണ് ഇടതുപക്ഷത്തിന്റെ പ്രധാന ജനകീയ അടിത്തറ.

സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയും സി.പി.എം തന്നെയാണ്. പ്രധാന എതിരാളിയായ കോണ്‍ഗ്രസ്സ് ബഹുദൂരം പിന്നിലാണ് എന്നതും നാം ഓര്‍ക്കണം. വിദ്യാര്‍ത്ഥി സംഘടനകള്‍ മുതല്‍ തൊഴിലാളി സംഘടനകള്‍ വരെ സംസ്ഥാനത്തെ ഒന്നാം സ്ഥാനക്കാര്‍ സി.പി.എം വര്‍ഗ്ഗ ബഹുജന സംഘടനകള്‍ തന്നെയാണ്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മുന്നണിക്ക് കരുത്ത് പകരുന്നത്. ഈ സംഘടനകളിലെ സാധാരണ പ്രവര്‍ത്തകന്‍ മുതല്‍ അനുഭാവികള്‍ വരെ ആഗ്രഹിക്കുന്നത് തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്യണമെന്നതാണ്. എന്നാല്‍, പല മണ്ഡലങ്ങളിലും ഘടക കക്ഷികളുടെ ചിഹ്നങ്ങള്‍ക്ക് വോട്ട് ചെയ്യേണ്ട ഗതികേടാണ് അവര്‍ക്കുള്ളത്.

 

സി.പി.എം അനുഭാവികള്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ വെളിവാകുന്നതും പാര്‍ട്ടി ഒറ്റക്ക് മത്സരിക്കണമെന്ന നിര്‍ദ്ദേശമായിരിക്കും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അതേസമയം, ഒരു മുന്നണി സംവിധാനമായതിനാല്‍ ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ സി.പി.എമ്മിനെ സംബന്ധിച്ച് പരിമിധികള്‍ ഏറെയാണ്. ഈ ആനുകൂല്യമാണ് ഘടക കക്ഷികളും മുതലെടുക്കാന്‍ ശ്രമിക്കുന്നത്. മാണി സി കാപ്പന്റെയും എന്‍.സി.പിയുടെയും വാശി പോലും അതാണ് സൂചിപ്പിക്കുന്നത്. സീറ്റ് കിട്ടിയില്ലങ്കില്‍ പാര്‍ട്ടി വിടുമെന്ന് പറയുന്നവരുടെ ആദര്‍ശം അധികാരം മാത്രമാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അണിയറയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് മാണി സി കാപ്പന്‍. ഇപ്പോള്‍ യു.ഡി.എഫില്‍ ബര്‍ത്ത് തരപ്പെടുത്താനാണ് അദ്ദേഹം ഓടി നടക്കുന്നത്. അതിന് ഏറാന്‍മൂളിയായി പീതാംബരന്‍ മാസ്റ്ററെ പോലെയുള്ള നേതാക്കളുമുണ്ട്. സ്വന്തം പാര്‍ട്ടിയുടെ അവസ്ഥ മനസ്സിലാക്കാതെയുള്ള എടുത്ത് ചാട്ടമാണിത്. ആദ്യം ഒരു ബസില്‍ കയറ്റാനുള്ള പ്രവര്‍ത്തകരെയെങ്കിലും സ്വന്തമായി ഉണ്ടാക്കാന്‍ ശ്രമിക്കുക. അതാണ് എന്‍.സി.പി സംസ്ഥാന പ്രസിഡന്റും ചെയ്യേണ്ടത്. എന്‍.സി.പിക്ക് ശക്തിയുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒരു പരിഗണനയും എന്‍.സി.പി നല്‍കിയിട്ടില്ല. ബി.ജെ.പി സര്‍ക്കാറിനെതിരെ സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍സഭ നടത്തിയ കര്‍ഷക പ്രക്ഷോഭമാണ്, മഹാരാഷ്ട്രയില്‍ യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന്റെ കുതിപ്പിന് പ്രധാന പങ്ക് വഹിച്ചിരുന്നത്.

 

ലോങ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പോരാട്ടങ്ങളിലൂടെ ചെമ്പട വിത്ത് പാകിയപ്പോള്‍ അത് കൊയ്തത് പ്രധാനമായും എന്‍.സി.പിയും കോണ്‍ഗ്രസ്സുമായിരുന്നു. സംഘടനാപരമായി മഹാരാഷ്ട്രയില്‍ സി.പി.എമ്മിനുള്ള പരിമിതിയാണ് ഇവിടെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ മുതലെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ശിവസേന എന്ന തീവ്രഹിന്ദുത്വ പാര്‍ട്ടിക്കൊപ്പം ഭരിക്കാന്‍ മടിയില്ലാത്തവരാണ് എന്‍.സി.പിയും കോണ്‍ഗ്രസ്സും. അന്നേ ഇടതുപക്ഷത്ത് നിന്നും എന്‍.സി.പിയെ പുറത്താക്കാന്‍ സി.പി.എം തയ്യാറാകണമായിരുന്നു. അത് ചെയ്തിരുന്നെങ്കില്‍, ഇന്ന് ഈ ‘നാടകം’ കേരളത്തില്‍ കാണേണ്ടി വരില്ലായിരുന്നു. എന്‍.സി.പിയുടെ രാജ്യത്തെ ഏക മന്ത്രിയെയാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നല്‍കിയിരുന്നത്.

ഫോണ്‍ കെണി വിവാദത്തിലും ഭൂമി തട്ടിപ്പ് കേസിലും എന്‍.സി.പി മന്ത്രിമാര്‍ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചപ്പോഴും അവരെ മുഖ്യമന്ത്രി കൈവിട്ടിട്ടില്ല. നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുകയാണ് ചെയ്തത്. അതു കൊണ്ടാണ് ഇപ്പോഴും എന്‍.സി.പിക്കാരന്‍ മന്ത്രി സ്ഥാനത്തും തുടരുന്നത്. അതേസമയം, എന്‍.സി.പി യു.ഡി.എഫില്‍ ചേക്കേറിയാലും ശശീന്ദ്രന്‍ വിഭാഗം ഇടതുപക്ഷത്ത് തുടരുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പുതിയ സാഹചര്യത്തില്‍ എന്‍.സി.പി പുറത്ത് പോകുന്നത് തന്നെയാണ് ഇടതുപക്ഷത്തിനും നല്ലത്.

 

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുന്‍ എന്‍.സി.പി നേതാവായതിനാല്‍ യു.ഡി.എഫില്‍ ബര്‍ത്ത് സംഘടിപ്പിക്കാന്‍ എന്‍.സി.പിക്ക് പ്രയാസമുണ്ടാകുകയില്ല. മുങ്ങാന്‍ തുടങ്ങുന്ന കപ്പലില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ മാത്രമേ അത് ഉപകരിക്കുകയൊള്ളൂ എന്നു മാത്രം. നിലവില്‍ മുന്നണി എന്ന നിലയിലും ഇടതുപക്ഷം ഇപ്പോള്‍ ഏറെ കരുത്തരാണ്. സി.പി.എമ്മിനും സി.പി.ഐക്കും ഒപ്പം കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗം കൂടി ചേര്‍ന്നാല്‍ ചെമ്പടയുടെ ശക്തിയാണ് പതിന്‍മടങ്ങ് വര്‍ദ്ധിക്കുക. യു.ഡി.എഫ് കപ്പലിനെ വീഴ്ത്താന്‍ ഇത് തന്നെ ധാരാളമാണ്. ഇത്തവണയും ഭരണം പിടിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ ടൈറ്റാനിക്കിന്റെ അവസ്ഥയിലേക്കാണ് യു.ഡി.എഫ് പോകുക. അതോടെ കേരള രാഷ്ട്രീയത്തിലെ പുതിയ ചരിത്രത്തിനാണ് തുടക്കമാകുക.

Top