കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം ന്യായം; മതിയായ സുരക്ഷ ഒരുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം ന്യായമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. ജീവനക്കാര്‍ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുമെന്നും ബസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ക്യാബിന്‍ ഒരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സമരം പിന്‍വലിക്കണമെന്നും ഗതാഗത മന്ത്രി സമരം നടത്തുന്ന ജീവനക്കാരോട് ആവശ്യപ്പെട്ടു.

കോവിഡ് 19 പശ്ചാത്തലത്തില്‍ ജോലിക്കിടെ ഉപയോഗിക്കാന്‍ മാസ്‌കും സാനിറ്റൈസറും ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി ജീവനക്കാര്‍ രംഗത്ത് വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പാപ്പനം കോട് ഡിപ്പോയിലെ ജീവനക്കാര്‍ ബുധനാഴ്ച ജോലിക്ക് കയറിയിരുന്നില്ല.

കെ.എസ്.ആര്‍.ടി.സി.യിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ താമസിച്ച മുറിയും ബസും അണുവിമുക്തമാക്കണമെന്നും ജോലിക്കിടെ ഉപയോഗിക്കാനായി മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം.

Top