വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കും; പോരായ്മകളുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സികളും

കോഴിക്കോട്: മേയ് 26ന് എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പു:നരാരംഭിക്കാനിരിക്കേ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.

മിക്ക വിദ്യാലയങ്ങള്‍ക്കും ഇപ്പോള്‍ തന്നെ വാഹന സൗകര്യം ഉണ്ട്. അത് പൂര്‍ണമായും ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷ തുടങ്ങാനാവുമ്പോഴേക്കും സ്വകാര്യ ബസ്സുകളും കൂടുതലായി ഓടിത്തുടങ്ങുമെന്നും എന്നിട്ടും വാഹനത്തിന്റെ പോരായ്മകളുണ്ടെങ്കില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്നും എ.കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വകാര്യ ബസ്സ് ഉടമകളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ട്. അത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും വരും ദിവസങ്ങളില്‍ കൂടുതല് സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി അടക്കമുള്ള പൊതുഗതാഗതം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. ഇത് പൂര്‍ണമായും പരിഹരിക്കപ്പെടണമെങ്കില്‍ കേന്ദ്രസഹായം കൂടിയേ തീരുവെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ്സുകള്‍ക്കെതിരേ കോഴിക്കോട്ട് ആക്രമണം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Top