സുഗതകുമാരി മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാള്‍; എ.കെ ബാലന്‍

തിരുവനന്തപുരം: അന്തരിച്ച കവയിത്രി സുഗതകുമാരി മലയാള ഭാഷയുടെയും പ്രകൃതിയുടെയും അക്ഷരാര്‍ത്ഥത്തില്‍ കാവലാളായിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. കവിയത്രിയുടെ നിര്യാണത്തില്‍ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. കവിയത്രി പ്രകൃതി സംരക്ഷക, പാട സംരക്ഷക, നിരലംബരുടെ സംരക്ഷക എന്നീ നിലകളില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും സ്ത്രീകളുടെ അവകാശങ്ങള്‍, കുട്ടികളുടെ സുരക്ഷ എന്നിവയ്ക്കായി ശക്തമായി നില കൊണ്ടുവെന്നും മന്ത്രി ഓര്‍ത്തു.

ആദ്യത്തെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ആണ് സുഗതകുമാരി കാഴ്ച വച്ചതെന്നും മന്ത്രി പറഞ്ഞു. രാത്രിമഴ, അമ്പലമണി, പാവം മാനവ ഹൃദയം, മുത്തുച്ചിപ്പി, തുടങ്ങി നിരവധി കവിതകളിലൂടെ ആധുനിക കവിതയെ അടയാളപ്പെടുത്തി. പരിസ്ഥിതി, സ്ത്രീപക്ഷ കാഴ്ചപ്പാടുകള്‍, ബാലാവകാശങ്ങള്‍ എന്നിവ കവിതയിലും സാമൂഹിക വ്യവഹാരങ്ങളിലും കൊണ്ടുവന്നതില്‍ സുഗത കുമാരിയുടെ പങ്ക് സ്തുത്യര്‍ഹമാണ്.

കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് സുഗത കുമാരി. ജീവിതാവസാനം വരെ കാടിനും പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി നിലകൊണ്ടു. പൊതുജീവിതത്തില്‍ ഉന്നത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ എക്കാലത്തും ശ്രദ്ധിച്ചു. അഭയ എന്ന സ്ഥാപനം നിരവധി പേര്‍ക്ക് അഭയം നല്‍കി. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ അംഗമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എഡിറ്ററായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തു. സുഗതകുമാരിയുടെ പരിസ്ഥിതി സ്നേഹത്തിന്റെ ഉത്തമോദാഹരണമാണ് അട്ടപ്പാടിയിലെ കൃഷ്ണവനം. ആറന്മുള വിമാനത്താവളത്തിന് എതിരായ സമരത്തിലും പങ്കെടുത്തു. നിരവധി പുരസ്‌കാരം ലഭിച്ചു. മണ്ണിനെയും മാതൃഭാഷയെയും ഏറെ സ്നേഹിച്ച കവിയത്രിയുടെ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

Top