ഇടതുമുന്നണി ജയിച്ചാല്‍ ചെന്നിത്തല രാജി വെയ്ക്കുമോയെന്ന് എ കെ ബാലന്‍

ak balan

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കുമോയെന്ന് മന്ത്രി എ കെ ബാലന്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടും ഇതേ ചോദ്യം അദ്ദേഹം ചോദിച്ചു. ഇല്ലെങ്കില്‍ ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാപ്പു പറയുമോ എന്നും മന്ത്രി ചോദിച്ചു.

എല്‍ഡിഎഫിനെതിരായ ആരോപണം ജനം പുച്ഛിച്ചു തള്ളും. കേരള കോണ്‍ഗ്രസ് എംഎല്‍ഡി എഫിലെത്തിയതോടെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ജമ അത്തെ ബന്ധം മുസ്ലിം ലീഗ് അണികളില്‍ തെറ്റായ സന്ദേശം നല്‍കും. ജമ അത്തെ ബാന്ധവം കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും നാശമാകും. പാലക്കാട് ഒറ്റ നഗരസഭയും കിട്ടാത്ത അവസ്ഥ യുഡിഎഫിനുണ്ടാകും.

എല്‍ഡിഎഫ് വലിയ ഭൂരിപക്ഷം നേടും. മറിച്ചായാല്‍ സര്‍ക്കാര്‍ രാജിവെക്കണോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ. അപ്പോള്‍ മറുപടി പറയാം. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ഏതെങ്കിലും ഒരു മുന്നണി കേവല ഭൂരിപക്ഷത്തില്‍ എത്തുമോയെന്ന് പറയാനാവില്ല.

സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ എത്ര ചോദ്യം ചെയ്യല്‍ കഴിഞ്ഞു. ജലീലിനെപ്പറ്റി എന്തെല്ലാം പറഞ്ഞു. ഏതെങ്കിലും ഒരു കേസില്‍ സര്‍ക്കാരിനെതിരെ തെളിവു നിരത്താനായോ? അന്വേഷണ ഏജന്‍സികളെ ഭയമില്ല. അന്വേഷണം വഴിവിട്ട ഘട്ടത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ലൈഫിന്റെ ഗുണഭോക്താക്കളുടെ മുന്നില്‍ പോയി പ്രതിപക്ഷ നേതാക്കള്‍ കുറ്റം പറഞ്ഞാല്‍ ആളുകള്‍ അവരെ ആട്ടി വിടുമെന്നും മന്ത്രി പറഞ്ഞു.

Top