പത്മശ്രീ ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് എ കെ ബാലന്‍

മലപ്പുറം: പത്മശ്രീ പുരസ്‌കാര ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് മോശമായ ഒരുപരാമര്‍ശവും തന്നില്‍നിന്നുണ്ടായിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍.

ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചുവെന്ന പ്രചാരണം മെനഞ്ഞെടുത്ത പച്ചനുണയാണ്. ചില കുബുദ്ധികളാണിതിനു പിന്നില്‍. നിയമസഭാരേഖ നോക്കിയാല്‍ സത്യം മനസിലാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുരസ്‌കാരവാര്‍ത്ത അറിഞ്ഞയുടന്‍ ലക്ഷ്മിക്കുട്ടിയമ്മയെ അഭിനന്ദിച്ചിരുന്നു. നിയമസഭയിലും അഭിനന്ദനം ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ പത്മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതില്‍ മാര്‍ക്രിസോസ്റ്റത്തിന്റെ പേരേ കേന്ദ്രം ഉള്‍പ്പെടുത്തിയുള്ളൂ.

എംടി, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സാംസ്‌കാരികസാമൂഹ്യമേഖലയിലെ പ്രഗത്ഭരെയാണ് ശുപാര്‍ശചെയ്തത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത് നല്ല സമീപനമല്ല. നിയമസഭയില്‍ ഒറ്റക്കെട്ടായാണ് വിയോജനപ്രമേയം കൊണ്ടുവന്നത്.

പ്രതിപക്ഷ നേതാവിന്റെ കൂടി അഭിപ്രായം മാനിച്ചായിരുന്നു അത്. ഇതിനൊക്കെ ശേഷമാണ് കേന്ദ്രമന്ത്രിയടക്കം തെറ്റായ പ്രസ്താവനയുമായി രംഗത്തുവന്നത്. വിഷയത്തില്‍ മെനഞ്ഞെടുത്ത നുണ പ്രചരിപ്പിക്കുന്നവരാണ് മാപ്പ് പറയേണ്ടതെന്നും താനല്ലെന്നും മന്ത്രി വ്യക്തമാക്കി.

Top