ചലച്ചിത്ര പുരസ്‌കാരദാനം;ആര് ബഹിഷ്‌കരിച്ചാലും സര്‍ക്കാരിന് പ്രശ്‌നമില്ലെന്ന് എ.കെ ബാലന്‍

ak balan

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാതെ ആര് ബഹിഷ്‌കരിച്ചാലും സര്‍ക്കാരിന് പ്രശ്‌നമില്ലെന്ന് മന്ത്രി എ.കെ ബാലന്‍.

ഡോ. ബിജു ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നതു സംബന്ധിച്ച് മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അവാര്‍ഡ് ചടങ്ങില്‍ മോഹന്‍ലാല്‍ മുഖായാതിഥിയാകുന്നതില്‍ പ്രതിഷേധിച്ച്‌ സംവിധായകന്‍ ഡോ. ബിജു നേരത്തെയും പരസ്യപ്രസ്‌താവന നടത്തിയിരുന്നു.

വികാരപരമായി പെരുമാറുന്നവരാണ് കലാകാരന്‍മാര്‍. ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ് ചടങ്ങില്‍ പങ്കുകൊള്ളണമോ വേണ്ടയോ എന്നുള്ളതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഒരിക്കലും കലാകാരന്‍മാരുടെ സ്വതന്ത്രമായ നിലപാടിന് കൂച്ചിവിലങ്ങ് ഇടില്ലെന്നും ഇവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും എന്നും തങ്ങള്‍ അനുവദിച്ചുകൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മുഖ്യാതിഥിയാക്കുന്നതില്‍ വിവിധ മേഖലകളില്‍
നിന്ന് പ്രതിഷേം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലില്‍ നിന്നും എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരന്‍ രാജി വെച്ചിരുന്നു. മോഹല്‍ലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് എത്തിയിരുന്നത്.

Top