തിരുവനന്തപുരം: കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 63 കുടുംബങ്ങള്‍ക്കും പുതിയ വീടുവെച്ച് നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്.
സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴയില്‍ അട്ടപ്പാടിയിലെ വീടുകളും കൃഷി സ്ഥലങ്ങളും നശിച്ചിരുന്നു.
ഉള്‍പ്രദേശമായതിനാല്‍ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലും പലയിടത്തുണ്ടായിട്ടുണ്ട്. പാലക്കാട്–അട്ടപ്പാടി റൂട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലേക്ക് ഇന്നലെ മണ്ണിടിഞ്ഞു വീണിരുന്നു.
കനത്ത മഴമൂലം പാലക്കാട് കളക്ടറേറ്റിലും മണ്ണാര്‍ക്കാട് താലൂക്കോഫിസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്.
അതേസമയം, പെരിയാര്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകള്‍ തുറന്നിരുന്നു.