അന്വേഷണ ഏജന്‍സികള്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്നതില്‍ ആര്‍ക്കും ബുദ്ധിമുട്ടില്ല;എ.കെ ബാലന്‍

തിരുവനന്തപുരം: എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി മന്ത്രി എ.കെ. ബാലന്‍. ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ പ്രതി ചേര്‍ക്കുന്നതിനോട് ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ലെന്നും ഏതു സര്‍ക്കാരിന് കീഴിലും ഇങ്ങനെയുള്ള ഉദ്യോഗസ്ഥരുണ്ടെന്നും മന്ത്രി പറഞ്ഞു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് പറയുന്നതിന് മുന്‍കാല പ്രാബല്യം കൊടുത്ത് കഴിഞ്ഞാല്‍ ആദ്യം രാജി വെയ്ക്കേണ്ടത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ജിക്കുമോനേയും ജോപ്പനേയും ഫിറോസിനേയും എന്തുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്ക് മനസിലാകാതെ ഇരുന്നത്. ഗര്‍ഭപാത്രത്തിലുള്ളപ്പോള്‍ ഒരാളുടെ നക്ഷത്രം നോക്കിയെടുക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു.

കാണാമറയത്ത് പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്ന എല്ലാ നടപടികളോടും സര്‍ക്കാര്‍ സഹകരിക്കും. സര്‍ക്കാരിന് യാതൊരു തിരിച്ചടിയുമില്ല. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കെല്ലാം പരിപൂര്‍ണ സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top