പ്രതിപക്ഷം കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുന്നു; ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ല, മന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ല. നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗവണറുമായി പ്രശ്‌നമുണ്ടെന്ന് വരുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. അതിന് വേണ്ടി കേരളത്തില്‍ ഭരണ പ്രതിസന്ധിയാണെന്നും അവര്‍ പറഞ്ഞു പരത്തി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സാധിക്കുമെന്നും എകെ ബാലന്‍ പറഞ്ഞു. മാത്രമല്ല പ്രതിപക്ഷം ഇപ്പോള്‍ കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചു . ഓര്‍ഡിനന്‍സില്‍ വ്യക്തത വരുത്തണമെന്നും സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സഭ ചേരാനിരിക്കുകയാണ്, അതിന് മുമ്പ് എന്തിനാണ് ഓര്‍ഡിനന്‍സെന്നും ഗവര്‍ണര്‍ ചോദിച്ചു. ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തൃപ്തി തോന്നണമെന്നും ഭരണ ഘടനയും നിയമവും ആരും മറികടക്കരുതെന്നും എല്ലാവരും നിയമത്തിന് താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top