‘നടപടി പരിഹാസ്യം’:വീണ വിജയന്റെ കമ്പനിക്കെതിരായ അന്വേഷണത്തെ വിമര്‍ശിച്ച് എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജികിനെതിരായ അന്വേഷണത്തെ വിമര്‍ശിച്ച് സിപിഎം. നടപടി പരിഹാസ്യമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത് പരിഹാസ്യമായ കാര്യമാണെന്നും ഒരു കുടുംബത്തെയാകെ തകര്‍ക്കാനുള്ള ശ്രമമാണെന്നും പറഞ്ഞ എകെ ബാലന്‍ ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. ക്രമക്കേടില്ലെന്ന് വിജിലന്‍സും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് പുതിയ ടീം എന്നും എകെ ബാലന്‍ പറഞ്ഞു.

എക്‌സാലോജിക്കിനെതിരായ നിലവിലെ ആര്‍ഒസി അന്വേഷണം എസ് എഫ് ഐ ഒക്ക് കൈമാറി. കോര്‍പറേറ്റ് മന്ത്രാലയമാണ് എക്‌സാലോജിക്കിനെതിരായ കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. വീണ വിജയന് കൂടുതല്‍ കുരുക്കാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയില്‍ കോര്‍പ്പറേറ്റ് മന്ത്രാലയം നല്‍കാറുള്ളത്. കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക.

Top