ഇതുപോലെ ചീഞ്ഞു നാറിയ ഗവര്‍ണറെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് എ.കെ. ബാലന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്‍. ഇതുപോലെ ചീഞ്ഞു നാറിയ ഗവര്‍ണറെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്ഭവനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കവേയാണ് എ.കെ.ബാലന്റെ പരാമര്‍ശം.

‘സംസ്ഥാനം രൂപീകൃതമായതിനു ശേഷം 22 ഗവര്‍ണര്‍മാരാണു കേരളത്തില്‍ വന്നത്. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്നതിനു മുൻപ് ജസ്റ്റിസ് സദാശിവമായിരുന്നു ഗവര്‍ണര്‍. ആദ്യത്തെ ഗവര്‍ണര്‍ രാമകൃഷ്ണ റാവു മുതല്‍ വി.വി. ഗിരി തുടങ്ങിയ പ്രഗത്ഭരെ ഈ നിരയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഇതുവരെ വന്ന ഗവര്‍ണര്‍മാരില്‍ ഇതുപോലെ ചീഞ്ഞുനാറിയ ഗവര്‍ണറെ കേരളം കണ്ടിട്ടില്ല.’– എ.കെ. ബാലൻ പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ എന്ന അധികാരമുപയോഗിച്ച് ഗവര്‍ണര്‍ തിരഞ്ഞെടുത്ത രീതിക്കെതിരെ എസ്എഫ്ഐ സമരത്തിലാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി.

‘‘അവര്‍ പ്രതിഷേധിക്കുമെന്ന് പറഞ്ഞു തന്നെയാണ് കരിങ്കൊടി കാണിക്കുന്നത്. പ്രതിഷേധിച്ചവര്‍ക്കെതിരെ ഇംഗ്ലിഷില്‍ എന്തൊക്കെ ചീത്ത വാക്കുകളുണ്ടോ അതൊക്കെ പ്രയോഗിച്ചു. എസ്എഫ്ഐ ആരുടെയും ഒത്താശയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ഇടതുമുന്നണി ഭരിക്കുമ്പോഴും എസ്എഫ്ഐ പ്രതിഷേധിച്ചിട്ടുണ്ട്. അങ്ങനെയുള്ള സംഘടന സമരം നടത്താന്‍ പാടില്ലെന്നാണു ഗവര്‍ണര്‍ പറയുന്നത്. എട്ടു പാര്‍ട്ടികള്‍ മാറിമാറി നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ പാരമ്പര്യമല്ല ഞങ്ങള്‍ക്ക്. അന്നുമുതല്‍ ഇന്നുവരെ ഒരു രാഷ്ട്രീയ നിലപാട് മാത്രമേയുള്ളു. കേരളത്തില്‍ നടക്കുന്നത് ഒറ്റപ്പെട്ടതോ അവിചാരിതമോ ആയ സംഭവങ്ങളല്ല.’’ – ബാലൻ പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വം അട്ടിമറിക്കാന്‍ സംഘപരിവാര്‍ അജൻഡകള്‍ നടപ്പിലാക്കുകയാണെന്നും ബാലൻ ചൂണ്ടിക്കാട്ടി.‘‘വിദ്യാഭ്യാസ രംഗത്ത് കോര്‍പ്പറേറ്റ് വര്‍ഗീയവത്കരണങ്ങളാണു നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. കേരളം മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തോട് വിമുഖത കാട്ടിയത്. രാജ്യത്തിന്റെ മതനിരപേക്ഷ ബോധത്തെ മാറ്റിമറിക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നു. വിദ്യാഭ്യാസനയം അതിന്റെ ഭാഗമാണ്. ഭരണഘടനയുടെ മൗലിക ഘടനയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിനു ജുഡീഷ്യറിയെ തന്നെ കൈപ്പിടിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തെ രാഷ്ട്രീയമായി അട്ടിമറിച്ച് ഹിന്ദുത്വ ഫാസിസത്തിലേക്ക് കൊണ്ടുപോകാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന പ്രതിപക്ഷത്തെ മൂലയ്ക്കിരുത്താനാണ് കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നത്. അതിന്റെ ഭാഗമായാണ് കേരളത്തിലെ ഗവര്‍ണര്‍ പ്രവർത്തിക്കുന്നത്.’– എ.കെ. ബാലൻ ആരോപിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമ വകുപ്പ് മന്ത്രിയായിരിക്കെ വിയോജിപ്പുണ്ടായിരുന്ന പല ബില്ലുകളിലും അന്നത്തെ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം ഒപ്പിട്ടിരുന്നു. പക്ഷേ, അതൊന്നും പുറംലോകം അറിഞ്ഞതുപോലുമില്ല. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെയും കരുണ മെഡിക്കല്‍ കോളജിലെയും പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികള്‍ക്കായി തികച്ചും ഭരണഘടനാ വിരുദ്ധമായ നിയമം ഭരണ, പ്രതിപക്ഷ ഭേദമന്യേ നിയമസഭ പാസാക്കി. ഇത് സുപ്രീംകോടതിയില്‍ നിലനില്‍ക്കില്ല എന്ന് മനസിലാക്കിയിട്ടും അത് ഗവര്‍ണര്‍ ഒപ്പിട്ടു. കാരണം നിയമ നിര്‍മാണ സഭയ്ക്ക് അതീതനല്ല ഗവര്‍ണര്‍ എന്നു പറഞ്ഞാണ് അദ്ദേഹം ഒപ്പിട്ടത്. നിയമസഭയോടും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടും ഉത്തരവാദിത്തമുള്ള ഒരു ഗവര്‍ണര്‍ ഇവിടെ ഉണ്ടായിരുന്നുവെന്നും എ.കെ ബാലന്‍ പറഞ്ഞു.

Top