മികച്ച നടന്‍ മോദി, സര്‍ക്കാരിനുള്ള താക്കീതാവണം ഉപതിരഞ്ഞെടുപ്പു ഫലം ;എ.കെ.ആന്റണി

antony

കോന്നി : കേന്ദ്ര സര്‍ക്കാരിനും നരേന്ദ്രമോദിക്കും കേരള സര്‍ക്കാരിനും പിണറായി വിജയനുമുള്ള താക്കീതാവണം ഉപതിരഞ്ഞെടുപ്പു ഫലങ്ങളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. യുഡിഎഫ് സ്ഥാനാര്‍ഥി പി.മോഹന്‍രാജിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കോന്നിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

2021ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ റബറിന്റെ താങ്ങുവില 200 രൂപയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നടക്കുന്ന കാര്യം മാത്രമേ ഉറപ്പു പറയാറുള്ളു. എന്തുകാര്യം വന്നാലും നോക്കട്ടേയെന്നു പറയുന്ന തന്റെ സ്വഭാവത്തെ സഹപ്രവര്‍ത്തകര്‍ പോലും വിമര്‍ശിക്കുന്നതാണ്. എന്നാല്‍, ഇക്കാര്യത്തില്‍ താന്‍ ഉറപ്പു നല്‍കുകയാണെന്നും ആന്റണി പറഞ്ഞു.

80 രൂപ വിലയുണ്ടായിരുന്നപ്പോള്‍ 150 രൂപ താങ്ങുവില നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ 110 രൂപ വിലയുള്ളപ്പോള്‍ പോലും താങ്ങുവില നല്‍കാന്‍ പിണറായി സര്‍ക്കാരിനു മനസില്ല.

ശബരിമല വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റിപ്പോയി എന്ന് പിണറായി വിജയന്‍ ഇനിയെങ്കിലും പറയണം. കോടിയേരി ബാലകൃഷ്ണന്‍ തെറ്റ് ഏറ്റു പറഞ്ഞിട്ടും പിണറായി ഇപ്പോഴും പഴയ നിലപാടിലാണ്. പിഴവു സംഭവിച്ചുവെന്നു തോന്നുന്നുണ്ടെങ്കില്‍ അതു തിരഞ്ഞെടുപ്പിനു മുന്‍പ് പറയണം. എത്രയോ സുപ്രീം കോടതി വിധികള്‍ ശീതീകരണിയില്‍ വച്ചവരാണ് ശബരിമലയുടെ കാര്യത്തില്‍ തിടുക്കം കാട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്തര്‍ക്കൊപ്പമെന്ന് അവകാശപ്പെട്ട ബിജെപിയും വോട്ടു രാഷ്ട്രീയമാണ് കളിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ നരേന്ദ്ര മോദിയാണ്. രജനികാന്തും അമിതാഭ് ബച്ചനും മോദിക്കു പിന്നിലെ നില്‍ക്കു. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് അദ്ദേഹം ഭരണം നടത്തുന്നതെന്നും ആന്റണി വ്യക്തമാക്കി.

Top