പെഗാസസില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണമെന്ന് എ.കെ ആന്റണി

AK-Antony

ന്യൂഡല്‍ഹി: ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഇസ്രയേലില്‍ നിന്ന് ഇന്ത്യ വാങ്ങി എന്നത് അത്യന്തം ഗുരുതരമായ വാര്‍ത്തയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ഇനിയും നിശബ്ദത തുടരാന്‍ പാടില്ലെന്നും ആന്റണി പറഞ്ഞു. ചാരസോഫ്റ്റ്‌വെയര്‍ ഇന്ത്യ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ ഒപ്പുവെച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 ല്‍ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയത്. 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേല്‍ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ് വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.

 

Top