യുഎഇ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.കെ.ആന്റണി

antony

ന്യൂഡല്‍ഹി : പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കേരള സര്‍ക്കാരിന് യുഎഇ നല്‍കാമെന്നു പറഞ്ഞ ധനസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ.ആന്റണി.

ഇതിനായി കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്ന് ആന്റണി പറഞ്ഞു. സഹായം നിരസിച്ചാല്‍ കേരളവും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നും എ കെ ആന്റണി വ്യക്തമാക്കി.

യുപിഎ ഭരണകാലത്ത് വിദേശ സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കാം. പക്ഷേ, ആവശ്യവും അവസരവും മനസിലാക്കി അത് നിലവിലെ സര്‍ക്കാര്‍ തിരുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.

പ്രളയബാധയുമായി ബന്ധപ്പെട്ടോ തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടോ ഒരു വിവാദത്തിനും താനില്ലെന്നും, സംസ്ഥാനം ഒറ്റക്കെട്ടായാണ് ദുരന്തത്തെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രളയ ബാധയുടെ സമയത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏകോപനത്തിന്റെ കുറവ് വ്യക്തമായിരുന്നുവെന്നും എ.കെ.ആന്റണി കൂട്ടിച്ചേര്‍ത്തു.

Top