പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എ.കെആന്റണി

ന്യൂഡല്‍ഹി: കൊവിഡ്19 വ്യാപനത്തിന്റെ ഫലമായി ലോകവ്യാപകമായി ലോക്ക്ഡൗണ്‍പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രത്യേക വിമാനങ്ങളില്‍ അതതു സംസ്ഥാനങ്ങളിലെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എംപി.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലോ കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ 20-ാം തീയതിക്കു ശേഷം നടപ്പാക്കുമെന്ന് പറയുന്ന ഇളവുകളിലോ രാജ്യത്തിനു വേണ്ടി വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ കുറിച്ച് ഒരു പരാമര്‍ശവുമില്ലാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും എ.കെ ആന്റണി ചൂണ്ടികാട്ടി.

ലോകത്തെ പ്രധാനപ്പെട്ട എല്ലാരാജ്യങ്ങളും വിദേശരാജ്യങ്ങളിലുള്ള അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സുരക്ഷിതമായി മടക്കിയെത്താക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിലെങ്കിലും രാജ്യത്തിലുള്ള പ്രവാസികളുടെ കുടുംബാഗങ്ങളുടേയും വിദേശത്തുള്ള പ്രവാസികളുടെയും ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ അവരെ മടക്കി കൊണ്ടുവരാനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കണമെന്നാണ് എ.കെ ആന്റണി ആവശ്യപ്പെട്ടിട്ടുള്ളത്.

Top