ഹസ്സന്‍ മൂലം വെട്ടിലാകുന്നത് ആന്റണി, കോടികളുടെ കണക്ക് ചോദിച്ച് അണികള്‍

കോണ്‍ഗ്രസ്സിലിപ്പോള്‍ ആന്റണി അനുകൂലികള്‍ക്കെല്ലാം കഷ്ടകാലമാണ്. ഒരു കാലത്ത് ആന്റണിയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അവസാന വാക്കെങ്കില്‍ ഇപ്പോള്‍ ആ സ്ഥിതിയാകെ മാറി കഴിഞ്ഞു. നെഹ്റു കുടുംബത്തിന്റെ ഈ വിശ്വസ്ഥന്‍ ഇപ്പോള്‍ ആ കുടുംബത്തിന്റെ അപ്രീതി തന്നെ വിളിച്ചു വരുത്തിയിരിക്കുകയാണ്.

കോണ്‍ഗ്രസ്സിന്റെ ഭാവി വാഗ്ദാനങ്ങളായ സച്ചിന്‍ പൈലറ്റിനും ജോതിരാദിത്യ സിന്ധ്യക്കും വരെ വെറുക്കപ്പെട്ട നേതാവാണ് ഈ ആദര്‍ശധീരന്‍. മധ്യപ്രദേശില്‍ കമല്‍നാഥിനെയും രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിനെയും മുഖ്യമന്ത്രിമാരായി നിയമിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം എ.കെ ആന്റണിയായിരുന്നു. ഹൈക്കമാന്റിനെ കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിച്ചത് തന്നെ ആന്റണിയുടെ വാശിയിലായിരുന്നു.

യുവ നേതാക്കള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധിക്ക് നിലപാട് തിരുത്തേണ്ടി വന്നത് സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരമായിരുന്നു. ഈ നീക്കത്തിനു പിന്നിലും ആന്റണിയായിരുന്നു. ഹരിയാനയിലും ഡല്‍ഹിയിലും ആം ആദ്മി പാര്‍ട്ടി സഖ്യ സാധ്യത പൊളിച്ചതും ആന്റണിയാണ്. ഷീല ദീക്ഷിതിന്റെ ആവശ്യപ്രകാരമായിരുന്നു ഈ ഇടപെടല്‍. ഒടുവില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയപ്പോള്‍ പ്രതിക്കൂട്ടിലാകുന്നതും ആന്റണി തന്നെയാണ്.

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഒഴിയേണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പറയാനുള്ള ചങ്കൂറ്റം പോലും ആന്റണിക്ക് ഇപ്പോഴില്ല. പകരം അദ്ധ്യക്ഷനെ നിര്‍ദ്ദേശിക്കാനുള്ള അര്‍ഹതയും നഷ്ടപ്പെട്ടു കഴിഞ്ഞു. ആരും വില കല്‍പ്പിക്കാത്ത നേതാവായി ഹൈക്കമാന്റിലിപ്പോള്‍ ആന്റണി മാറിയിട്ടുണ്ട്. അവിടെയിപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും വാക്കുകള്‍ക്കാണ് വില. കേരളത്തിലെ യു.ഡി.എഫിന്റെ വിജയത്തിന്റെ ക്രെഡിറ്റും ആന്റണിക്ക് അവകാശപ്പെടാന്‍ കഴിയുന്നതല്ല. അത് രാഹുല്‍ ഗാന്ധിയും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമെല്ലാം കൊണ്ടുപോയി കഴിഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്കു പോലും വേണ്ടാത്ത നേതാവാണിപ്പോള്‍ ഈ പഴയ പടക്കുതിര.

എ ഗ്രൂപ്പിലെ അണികള്‍ മുതല്‍ നേതാക്കള്‍ക്കു വരെ ആന്റണിയോട് കലിപ്പാണ്. ആന്റണിയുടെ വിശ്വസ്തരായ മുല്ലപ്പള്ളി രാമചന്ദ്രനും എം.എം ഹസ്സനുമാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. ഇരുവരുടെയും പാര്‍ലമെന്ററി രാഷ്ട്രീയമോഹം തന്നെ ത്രിശങ്കുവിലാണ്. ഉമ്മന്‍ ചാണ്ടിയെ ഒതുക്കാന്‍ ആന്റണി കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്ന എം.എം ഹസ്സന്‍ നിലവില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഗുരുതരമായ ആരോപണമാണ് ഹസ്സനെതിരെ കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നിരിക്കുന്നത്. കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നടക്കം പിരിച്ച കോടികളുടെ കണക്കില്‍ വന്‍ തിരിമറിയാണ് നടന്നിരിക്കുന്നത്. എത്ര വീട് നിര്‍മിച്ചുവെന്നത് സംബന്ധിച്ചോ പിരിച്ച തുകയുടെ കണക്കോ വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അഞ്ച് മാസം കഴിഞ്ഞിട്ടും കെ.പി.സി.സിയുടെ കണക്കില്‍ മാറ്റവുമില്ല.

ആയിരം വീട് പോയിട്ട് അഞ്ഞൂറ് എണ്ണം പോലും നിര്‍മിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. എം.എല്‍.എമാര്‍ വിവിധ പദ്ധതി പ്രകാരം അനുവദിച്ച വീടുകള്‍ പോലും കെ.പി.സി.സിയുടെ അക്കൗണ്ടില്‍പ്പെടുത്താന്‍ ഇതിനിടെ നീക്കവും തുടങ്ങിയിട്ടുണ്ട്. ഒരു വീടിന് അഞ്ച് ലക്ഷം രൂപ വീതം ചെലവിട്ട് ആയിരം വീട് നിര്‍മിച്ച് നല്‍കുമെന്നാണ് 2018 ആഗസ്റ്റ് 21ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പ്രഖ്യാപിച്ചിരുന്നത്. ഒരു മണ്ഡലം കമ്മിറ്റി അഞ്ച് ലക്ഷം രൂപ നിരക്കില്‍ പിരിച്ചു നല്‍കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്.

ഇതേതുടര്‍ന്ന് മണ്ഡലം കമ്മിറ്റികള്‍ സ്വന്തം നിലയ്ക്ക് നടത്തിയ പിരിവിന് പുറമെ കെ.പി.സി.സി നേരിട്ടും വന്‍തുക സമാഹരിക്കുകയുണ്ടായി. അമ്പത് കോടിയിലധികം രൂപ പദ്ധതിക്കായി സമാഹരിച്ചതായാണ് വിവരം. എന്നാല്‍ വര്‍ഷം ഒന്ന് ആകാറായിട്ടും ഇത് സംബന്ധിച്ച് കെ.പി.സി.സി യോഗത്തില്‍ പോലും കണക്ക് വ്യക്തമാക്കിയിട്ടില്ല. ഇതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

വിവാദം പുകയുന്നതിനിടെ വിശദാംശം വെളിപ്പെടുത്താന്‍ എം.എം ഹസ്സന് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹസ്സനോടു ചോദിക്കുമ്പോള്‍ യുക്തിസഹമായ ഒരു മറുപടിയല്ല നേതാക്കള്‍ക്കു പോലും ലഭിക്കുന്നത്. 3.43 കോടി രൂപ മാത്രമേ പിരിഞ്ഞുകിട്ടിയുള്ളുവെന്നാണ് അഞ്ച് മാസം മുമ്പ് കെ.പി.സി.സി വെളിപ്പെടുത്തിയിരുന്നത്. പദ്ധതി പ്രകാരം 42 വീടുകള്‍ കൈമാറിയെന്നും 278 വീടുകളുടെ പണി പുരോഗമിക്കുകയാണെന്നും കെ.പി.സി.സി മീഡിയ സെല്‍ അംഗമായ അഡ്വ. ബി.ആര്‍.എം ഷഫീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ചില സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയും എം.എല്‍.എ ഫണ്ട് ഉപയോഗിച്ചും നിര്‍മിച്ച 27 വീടുകളും കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയില്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ 47 വീടുകള്‍ പണിയുമെന്നും ഇതില്‍ 30 വീടുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നുമാണ് ഷഫീറിന്റെ മറ്റൊരു അവകാശവാദം.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ അതേ കണക്കാണ് ഷഫീര്‍ പുതിയ കണക്കായും അവതരിപ്പിച്ചിരിക്കുന്നത്. പല പ്രവാസി സംഘടനകളുടേയും കോര്‍പ്പറേറ്റ് കമ്പനികളുടേയും ഫണ്ട് ഉപയോഗിച്ച് പണിത വീടുകളും കെ.പി.സി.സി സ്വന്തം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഉള്‍പ്പെടെയാണ് ഈ നിലപാട് പ്രകോപിതരാക്കിയിരിക്കുന്നത്. വാക്ക് പറഞ്ഞാല്‍ അത് പാലിക്കണമെന്നും തട്ടിപ്പിന് കൂട്ട് നില്‍ക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലാണിവര്‍.

വന്‍ തട്ടിപ്പാണ് ഹസ്സന്‍ നടത്തിയതെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ഒരു വിഭാഗം നേതാക്കള്‍ക്കുമുണ്ട്. ആന്റണിയുടെ അടുത്ത അനുയായിയായ ഹസനെതിരെ ഇനിയും മിണ്ടാതിരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഈ വിഭാഗം. മുല്ലപ്പള്ളി രാമചന്ദ്രന്‍ വിധേയത്വം കാണിക്കാതെ യാഥാര്‍ത്ഥ്യം തുറന്ന് പറഞ്ഞില്ലെങ്കില്‍ പ്രതികരിക്കാനാണ് യുവ തുര്‍ക്കികളുടെയും തീരുമാനം. ഇതോടെ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോണ്‍ഗ്രസ്സില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുകയാണ്.

Top