ഹസ്സനെ മുന്‍നിര്‍ത്തി എ.കെ ആന്റണി, ലക്ഷ്യം മുഖ്യമന്ത്രി പദം തന്നെയെന്ന്

പുറമെ ഒറ്റക്കെട്ട് എന്ന് പറയുമ്പോഴും യു.ഡി.എഫിലെ സ്ഥിതി ഇപ്പോള്‍ അങ്ങനെയല്ല. കാര്യങ്ങള്‍ വലിയ കുഴപ്പത്തിലാണ്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ബെന്നി ബെഹനാന്‍ തെറിച്ചത് മാത്രമല്ല ആ സ്ഥാനത്ത് എം.എം ഹസ്സന്‍ വന്നതാണ് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞിരിക്കുന്നത്. കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കെ ഗുരുതര ആരോപണം നേരിട്ട വ്യക്തിയാണ് എം.എം ഹസ്സന്‍. ഇയാളെ തന്നെ യു.ഡി.എഫ് കണ്‍വീനറാക്കിയത് എ.കെ ആന്റണിയുടെ താല്‍പര്യപ്രകാരമാണെന്നാണ് സൂചന. കെ.വി തോമസ് നോട്ടമിട്ട സ്ഥാനമായിരുന്നു ഇത്. ഇനി നിയമസഭ സീറ്റുകൂടി ലഭിച്ചില്ലെങ്കില്‍ കെ.വി തോമസ് യു.ഡി.എഫിന് വില്ലനാകും.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പരിഗണിക്കാതിരുന്നതില്‍ കടുത്ത അതൃപ്തിയാണ് നിലവില്‍ കെ.വി തോമസിനുള്ളത്. 2021 കൂടി കൈ വിട്ടാല്‍ പിന്നെ അദ്ദേഹത്തിന്റെ എല്ലാ സാധ്യതയും അടയും. രാജ്യസഭയിലേക്ക് പോലും കെ.വി. തോമസിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുകയില്ല. ഗ്രൂപ്പ് നേതാക്കള്‍ സമ്മതിക്കുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വത്തില്‍ വലിയ സ്വാധീനമുള്ള നേതാവാണ് കെ.വി തോമസ്. അതുകൊണ്ട് തന്നെ അദ്ദേഹം ഉടക്കിയാല്‍ എറണാകുളത്ത് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ അത് ശരിക്കും ബാധിക്കും. ഉമ്മന്‍ ചാണ്ടിക്ക് പഴയ താല്‍പ്പര്യം ബെന്നി ബെഹന്നാനോട് ഇല്ല എന്നതും പരസ്യമായ രഹസ്യമാണ്. ലോകസഭയിലേക്ക് ബെന്നിയെ വിട്ടത് തന്നെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ്. അഥവാ യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ മന്ത്രി സ്ഥാനം നല്‍കാതിരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്.

ഇപ്പോള്‍ എം.പി സ്ഥാനം രാജിവച്ച് മടങ്ങാന്‍ ആലോചിക്കുന്ന ബെന്നിക്കു മുന്നില്‍ റെഡ് സിഗ്നല്‍ ഉയര്‍ത്തുന്നതും ഉമ്മന്‍ ചാണ്ടിയാണ്. ഒതുക്കി നിര്‍ത്തുന്നതിലെ അതൃപ്തിയാണ് കെ.മുരളീധരന്റെ രാജിക്കും അടിസ്ഥാനം. പ്രചാരണ സമിതി അദ്ധ്യക്ഷനായി ഹൈക്കമാന്റ് നിയോഗിച്ചിട്ടും അവഗണിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുരളിയെ ഒതുക്കാന്‍ ശ്രമിക്കുന്നത്. ഐ ഗ്രൂപ്പ് മുരളീധരന്‍ പിളര്‍ത്തുമോ എന്ന ആശങ്കയിലാണ് ചെന്നിത്തല. മുരളിയെ മുന്‍ നിര്‍ത്തി തന്ത്രപരമായ ‘കളി’ക്കാണ് ഉമ്മന്‍ ചാണ്ടിയും ശ്രമിക്കുന്നത്. മുരളീധരനെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനോടും എ ഗ്രൂപ്പിന് യോജിപ്പാണുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയായി ‘എ’ ഗ്രൂപ്പിനെ മുരളീധരന്‍ നയിക്കുമെന്ന അഭ്യൂഹങ്ങളും കോണ്‍ഗ്രസ്സിലിപ്പോള്‍ ശക്തമാണ്.

ഇടക്കാലത്ത് എ ഗ്രൂപ്പില്‍ നിന്നും അകന്നിരുന്ന പി.ടി തോമസും നിലവില്‍ ഉമ്മന്‍ ചാണ്ടി പക്ഷത്തേക്ക് അടുത്ത് തുടങ്ങിയിട്ടുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനാകട്ടെ കൂറ് ആന്റണിയോട് മാത്രമാണ്. ആന്റണി മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന ഏക നേതാവും ഹസ്സന്‍ തന്നെയായിരിക്കും. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും ഹസ്സനെ സംരക്ഷിച്ചത് ആന്റണിയുടെ ഇടപെടല്‍ മൂലമായിരുന്നു. അധികാരം ലഭിച്ചാല്‍ കേരളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ തന്റെ ‘പാത’ സുഗമമാക്കാനാണ് ആന്റണി ഇടപെട്ട് ഹസ്സനെ മുന്നണി കണ്‍വീനറാക്കിയതെന്നാണ് ഘടക കക്ഷികളും സംശയിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമെ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഭൂരിപക്ഷം കിട്ടിയാല്‍ അധികാര തര്‍ക്കമുണ്ടാകുമെന്നും അപ്പോള്‍ ലാന്‍ഡ് ചെയ്യാമെന്നതുമാണ് ആന്റണിയുടെ മനസ്സിലിരിപ്പ്. മുന്‍പ് ഇതുപോലെ ലാന്‍ഡ് ചെയ്ത് മുഖ്യമന്ത്രിയായ ചരിത്രവും ആന്റണിയ്ക്കുണ്ട്. മുസ്ലീം ലീഗ് ഒഴിഞ്ഞു കൊടുത്ത തിരൂരങ്ങാടിയില്‍ നിന്നായിരുന്നു അദ്ദേഹം അന്ന് ജയിച്ചു കയറിയിരുന്നത്. ചരിത്രത്തിന്റെ ഈ തനിയാവര്‍ത്തനം തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്ക് നിര്‍ണ്ണായകമാകാന്‍ പോകുന്നത് എം.എല്‍.എമാരുടെ ഭൂരിപക്ഷമാണ്. പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മന്‍ ചാണ്ടി വേണ്ടെന്ന് പറഞ്ഞതും എം.എല്‍.എമാരില്‍ ഭൂരിപക്ഷം എ ഗ്രൂപ്പിന് ഇല്ലാതിരുന്നതിനാലാണ്. ഇത്തരമൊരു അവസരം ഉണ്ടാവാതിരിക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ശരിക്കും ഇടപെടാനാണ് എ ഗ്രൂപ്പിന്റെ നിലവിലെ തീരുമാനം.

കോണ്‍ഗ്രസ്സ് വര്‍ക്കിംങ് കമ്മറ്റി അംഗമായതിനാല്‍ ഉമ്മന്‍ ചാണ്ടിക്കും ഇനി ‘പവര്‍’ കൂടും. കെ.സി വേണു ഗോപാലിനു പോലും സീനിയറായ ഉമ്മന്‍ ചാണ്ടിക്കെതിരെ നില്‍ക്കാന്‍ ബുദ്ധിമുട്ടാകും. നിലവില്‍ കേരളത്തില്‍ ഒരു കുറു മുന്നണി ഐ ഗ്രൂപ്പില്‍ തന്നെ കെ.സിയും ഉണ്ടാക്കിയിട്ടുണ്ട്. സോണിയയ്ക്ക് ഉപദേശം നല്‍കുന്ന സമിതി ചെയര്‍മാനായതിനാല്‍ ആന്റണിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക റോളുകളുണ്ടാകും. കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ മുല്ലപ്പള്ളിയുടെ വാദങ്ങളും പരിഗണിക്കപ്പെടും. അതേ സമയം രമേശ് ചെന്നിത്തലയ്ക്ക് എത്ര മാത്രം സ്വാധീനം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ചെലുത്താന്‍ കഴിയുമെന്ന കാര്യത്തില്‍ വലിയ സംശയം തന്നെ നിലവിലുണ്ട്.

ചെന്നിത്തലയുടെ അടുപ്പക്കാരനായ ഹൈക്കമാന്റ് നിരീക്ഷകന്‍ മുകുള്‍ വാസ്‌നികിനെ മാറ്റി പകരം ഇപ്പോള്‍ താരിഖ് അന്‍വറിനാണ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മുകുള്‍ വാസ്‌നിക് നല്‍കിയിരുന്ന പരിഗണന താരിഖില്‍ നിന്നും ചെന്നിത്തലയ്ക്ക് കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്. ഇത് ‘ഐ’ ഗ്രൂപ്പിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. എം.എല്‍.എമാരുടെ എണ്ണം ലക്ഷ്യമിട്ട് എ – ഐ ഗ്രൂപ്പുകള്‍ പരസ്പരം കാലുവാരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല. അങ്ങനെ സംഭവിച്ചാല്‍ വലിയ തിരിച്ചടിയാകും യു.ഡി.എഫിനെ കാത്തിരിക്കുക.

ബി.ജെ.പി ശക്തമായ ഇടപെടല്‍ നടത്തുന്നതിനാല്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാനും സാധ്യത ഏറെയാണ്. ഇതും യു.ഡി.എഫിന്റെ പ്രതീക്ഷകളെയാണ് ബാധിക്കുക. അതേസമയം ഇപ്പോഴത്തെ ‘കാര്‍മേഘം’ മാറുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. വിവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ സംഘടനാ സംവിധാനം ശക്തമാക്കാനാണ് തീരുമാനം.’ക്ലൈമാക്‌സില്‍’ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന ഒരു വജ്രായുധവും ചെമ്പട ശേഖരിച്ച് വച്ചിട്ടുണ്ട്. അത് എന്താണെന്നത് പ്രയോഗിക്കുമ്പോള്‍ അറിയാമെന്നതാണ് സി.പി.എം കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top