Aju Varghese turns a phoney astrologer

അജു വര്‍ഗീസ് പുതിയ ചിത്രത്തില്‍ വ്യാജ ജ്യോത്സ്യനായി എത്തുന്നു. മമ്മൂട്ടിയുടെ പുതിയ നിയമം എന്ന ചിത്രത്തിലെ ടെക്കിയുടെ വേഷം അവതരിപ്പിച്ചതിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലാണ് അജു വ്യാജ ജ്യോത്സ്യനായി എത്തുന്നത്.

ചിത്രത്തിലെ നായകന്റെ ആത്മസുഹൃത്തായ മനോജ് ജ്യോത്സ്യനെ കഥാപാത്രമാണ് അജു അവതരിപ്പിക്കുന്നത്. എല്ലാ വ്യാജ ജ്യോത്സ്യന്മാരെ പോലെയും പല തരികിടകളും മനോജ് ജ്യോത്സ്യനും ചെയ്യുന്നുണ്ട്. എന്നാല്‍ കോമഡിയും കുറച്ച് സീരിയസ്‌നെസ്സും ഉള്ള അജുവിന്റെ കഥാപാത്രം ചിത്രത്തിലെ ഒരു പ്രധാന ഭാഗം തന്നെയാണെന്ന് സംവിധായകന്‍ സാജന്‍.കെ.മാത്യു പറയുന്നു.

ത്രികോണ പ്രണയകഥ പറയുന്ന സിനിമയില്‍ സനുഷയും പ്രയാഗ മാര്‍ട്ടിനുമാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊല്ലംകോടാണ് നടക്കുന്നത്.

മകന്റെ വിവാഹം നടത്തിയെ അടങ്ങൂ എന്ന് വാശിപിടിക്കുന്ന നായകന്റെ അമ്മയുമായി അടുത്ത ബന്ധമാണ് മനോജ് ജ്യോത്സ്യനുള്ളതെന്ന് അജുവിന്റെ കഥാപാത്രത്തക്കുറിച്ച് സംവിധായകന്‍ വെളിപ്പെടുത്തുന്നു. അജുവിന്റെ അഭിനയം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

2016ല്‍ അജുവിന് തിരക്കോട് തിരക്കാണ്. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തോടൊപ്പം ജയസൂര്യ നായകനാകുന്ന പ്രേതം, ഷാജഹാനും പരീക്കുട്ടിയും എന്ന സിനിമകളിലും മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ സണ്ണിവെയ്‌ന്റെ ഒപ്പവും അജു അഭിനയിക്കുന്നുണ്ട്.

Top