ട്രോളിന് കമന്റിട്ട ആരാധകന് കിടിലന്‍ മറുപടി നല്‍കി അജു വര്‍ഗീസ്

ന്നെ പരിഹസിച്ചുകൊണ്ട് കമന്റിട്ട ആരാധകന് കിടിലന്‍ മറുപടി നല്‍കി നടന്‍ അജു വര്‍ഗീസ്. പുതിയ ചിത്രം ആദ്യ രാത്രിയിലെ ഗാനം വൈറലായതിനെത്തുടര്‍ന്ന് അജു സമൂഹമാധ്യമത്തില്‍ പങ്കുവച്ച ട്രോള്‍ പോസ്റ്റിന് കീഴിലാണ് വിമര്‍ശകന്‍ കമന്റിട്ടത്.

ആദ്യമായാണ് അജു അഭിനയിച്ച മുഴുനീളന്‍ ഗാനം നിമിഷ നേരം കൊണ്ട് ഹിറ്റാവുന്നത് എന്നതായിരുന്നു ട്രോള്‍. ഇതിനു പിന്നാലെ ‘സിനിമ കണ്ടവര്‍ അങ്ങനെ തന്നെയാ പറയുന്നത് നിമിഷ നേരം കൊണ്ട് കീശയിലെ കാശ് പോയെന്ന്’. എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. റിലീസ് തിയതി പോലും പ്രഖ്യാപിക്കാത്ത ചിത്രത്തെ പറ്റിയായിരുന്നു ഇങ്ങനെയൊരു കമന്റ്.

ഉടന്‍ തന്നെ അജുവിന്റെ മറുപടിയും വന്നു. ‘അപ്പൊ താങ്കള്‍ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ!’. അജുവിനെ പിന്തുണച്ച് നിരവധി പ്രേക്ഷകരാണ് രംഗത്തുവന്നത്.

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോന്‍, അജു വര്‍ഗീസ്, ജിബു ജേക്കബ് എന്നിവര്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘ആദ്യരാത്രി’. വിജയരാഘവന്‍, ശ്രീലക്ഷ്മി, പൗളി വല്‍സന്‍, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, സ്‌നേഹ ബാബു, ബിജു സോപാനം, ജാതവേദ്, അല്‍ത്താഫ് മനാഫ്, അശ്വിന്‍, ചെമ്പില്‍ അശോകന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.

Top