അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയ യുവതിയെ സാമൂഹികപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി

ജോലി വാഗ്ദാനത്തില്‍ അജ്മാനിലെത്തി അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിയ മലയാളി യുവതിയെ രക്ഷപ്പെടുത്തി. ദുബായിലെ  സാമൂഹികപ്രവര്‍ത്തകര്‍  ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. കൊട്ടാരക്കര സ്വദേശിയായ യുവതിയെയാണ് രക്ഷപ്പെടുത്തിയത്. യുവതിയെ രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് തിരിച്ചയക്കും. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

യുവതിയുടെ പാസ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസമാണ് യാത്ര വൈകാന്‍ കാരണം. പാസ്‌പോര്‍ട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഏല്‍പ്പിക്കാമെന്ന് യുഎഇയില്‍ തട്ടിപ്പ് നടത്തുന്നവര്‍ പറഞ്ഞെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഒരാഴ്ച മുന്‍പാണ് ജോലിക്കായി യുവതി ദുബായില്‍ എത്തിയത്. ആയുര്‍വേദ നഴ്സിങ് ജോലിക്കാണ് യുവതി എത്തിയത്. നാട്ടിലെ ഒരു ആയുര്‍വേദ കേന്ദ്രത്തിന്‍റെ പേരില്‍ ആയിരുന്നു ജോലി വാഗ്ദാനം കിട്ടിയതെന്ന് യുവതി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

മാസം 30,000 രൂപ ശമ്പളം നല്‍കും എന്നാണ് വാഗ്ദാനം. കൂടാതെ നാട്ടില്‍ വരാന്‍ വിമാനടിക്കറ്റ് നല്‍കും. എന്നാല്‍ ഇവിടെ എത്തിയ ശേഷം ഫോണ്‍ ചെയ്യാനോ പുറത്തുപോകാനോ അനുവാദം ഉണ്ടായിരുന്നില്ല. ആഹാരം ഹോട്ടലില്‍ നിന്ന് കൊണ്ടുവന്ന് തരും. പണം നമ്മള്‍ തന്നെ കൊടുക്കണം. വരുന്ന ആളുകളുടെ മര്‍ദ്ദനവും സഹിക്കേണ്ടി വന്നെന്ന് യുവതി പറയുന്നു. വിമാനത്താവളത്തില്‍ നിന്ന് ഒരു സ്ത്രീയാണ് ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് യുവതി പറയുന്നു. രണ്ട് മാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ദുബായില്‍ എത്തിയതിന് ശേഷമാണ് ചതിയില്‍പ്പെട്ടെന്ന് തിരിച്ചറിയുന്നതെന്ന് യുവതി പറയുന്നു.

കേരളത്തിലെ ഒരു ആയുര്‍വേദകേന്ദ്രത്തിന്‍റെ പേരില്‍ യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതായാണ് വിവരം. നാല് സ്ത്രീകള്‍ ഇത്തരത്തില്‍ അജ്മാനിലെ ഒരു ഫ്‌ളാറ്റില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരേയും നാട്ടില്‍ എത്തിക്കാനുള്ള ശ്രമം ഇന്ത്യന്‍ അസോസിയേഷന്റെ സഹകരണത്തോടെ തുടരുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Top