ഗതാഗത മേഖലയില്‍ രാജ്യാന്തര നിലവാരത്തില്‍ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കാനൊരുങ്ങി അജ്മാന്‍

Ajman

അജ്മാന്‍ : പൊതുഗതാഗത മേഖലയില്‍ നിരവധി പുതിയ പദ്ധതികളുമായി അജ്‌മാൻ. രാജ്യാന്തര നിലവാരമുള്ള ബസ് സ്റ്റേഷനുകള്‍ നിർമ്മിക്കാനും നൂതന ബസുകള്‍ നിരത്തിലിറക്കാനും പുതിയ പദ്ധതിയിലൂടെ അജ്‌മാൻ ലക്ഷ്യമിടുന്നു.

ഒന്നരക്കോടി ദിര്‍ഹമാണു ഗതാഗതമേഖലയ്ക്കായി ഈ വര്‍ഷം വകയിരുത്തിയത്. വാറ്റ് നിലവില്‍ വന്നതിനാല്‍ ബസ്, ടാക്‌സി നിരക്കുകളില്‍ വര്‍ധന ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 90 ലക്ഷം ദിര്‍ഹം ചെലവിലാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കുക. ഇതിന്റെ നിർമ്മാണം സെപ്തംബറിൽ പൂര്‍ത്തിയാകുമെന്ന് അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട് വകുപ്പ് തലവന്‍ ഉമര്‍ ബിന്‍ ഉമൈര്‍ അല്‍ മുഹൈരി അറിയിച്ചു.

കൂടാതെ 20 ബസുകള്‍ നിരത്തുകളില്‍ ഇറക്കി സര്‍വീസ് വിപുലമാക്കും.എമിറേറ്റിന്റെ വിവിധ മേഖലകളില്‍ യാത്രക്കാര്‍ക്കായി 77 ബസ് സ്റ്റോപ്പുകള്‍ കൂടി നിര്‍മ്മിക്കും. എമിറേറ്റിലെ ജനസാന്ദ്രത മേഖലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സര്‍വീസുകള്‍ വിപുലമാക്കും. ദുബായ് റാഷിദിയ മെട്രോ സര്‍വീസുമായി ബന്ധിപ്പിക്കുന്നതായിരിക്കും പുതിയ ബസ് റൂട്ടുകള്‍ എന്നതിനാല്‍ പതിവായി ദുബായ് റൂട്ടില്‍ യാത്രചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമാകും.

Top