കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അജ്മാന്‍

അജ്മാന്‍: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ അജ്മാനിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ തീരുമാനിച്ചു. രാജ്യത്ത് പാര്‍ട്ടികള്‍ക്കും ഹോട്ടലുകളിലെ വിവാഹ ചടങ്ങുകള്‍ക്കും മറ്റും അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കുലറാണ് പുറത്തിറക്കിയിരിക്കുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ആളുകള്‍ ഒരുമിച്ച് കൂടുന്ന എല്ലാ പരിപാടികളിലും കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പരിപാടികളുടെ സംഘാടകരും പങ്കെടുക്കുന്നവരുമടക്കം എല്ലാവരും കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവരായിരിക്കണം.

പാര്‍ട്ടികളിലും വിവാഹ ചടങ്ങുകളിലും പരമാവധി 100 പേര്‍ക്ക് വരെ പങ്കെടുക്കാം. എന്നാല്‍ ഒരു ടേബിളില്‍ അഞ്ച് പേരിലധികം ഇരിക്കാന്‍ പാടില്ല. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് പുതിയ നിയമങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

നിയമലംഘനങ്ങള്‍ക്ക് പുതിയ ചട്ടപ്രകാരമുള്ള പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് വിവാഹ ചടങ്ങുകളിലടക്കം പങ്കെടുക്കാന്‍ കഴിഞ്ഞയാഴ്ച ദുബൈയിലും അനുമതി നല്‍കിയിരുന്നു.

 

Top