സന്തോഷ് ട്രോഫി ടീമിനായി പന്തുതട്ടി മലപ്പുറം സ്വദേശി അജ്മല്‍ റിയാസ്

മലപ്പുറം: മലയാളികള്‍ സന്തോഷ് ട്രോഫിയില്‍ പല സംസ്ഥാനങ്ങള്‍ക്കായി പന്തുതട്ടിയിട്ടുണ്ട്. മലപ്പുറം അസീസ്, തമ്പി ബഷീര്‍, മുഹമ്മദ് അല്‍ അക്ബര്‍ തുടങ്ങിയവര്‍ മലപ്പുറം പെരുമയുമായി മറ്റു സംസ്ഥാനങ്ങള്‍ക്ക് സന്തോഷ് ട്രോഫി കളിച്ചവരാണ്. അക്കൂട്ടത്തിലേക്ക് നടന്നെത്തിയിരിക്കുകയാണ് അജ്മല്‍ റിയാസും. നമ്മുടെ അടുത്ത സംസ്ഥാനമൊന്നുമല്ല അജ്മലിന്റെ ടീം. വടക്കുകിഴക്കന്‍ പോരാളികളായ ത്രിപുരക്കായാണ് ഈ മധ്യനിര താരം കളിച്ചത്.

ജനുവരിയില്‍ നടന്ന ചെന്നൈ ലീഗില്‍ സ്വരാജ് എഫ്.സി. കിരീടം ചൂടുമ്പോള്‍ ഞാനുമുണ്ടായിരുന്നു. ആ പ്രകടനമാണ് ത്രിപുരയിലേക്കുള്ള വിളിക്കുകാരണം. ലാല്‍ബഹദുര്‍ വ്യോമനഗര്‍ ടീമിനായാണ് കളിക്കുന്നത്. രണ്ടു മാസം മുന്‍പാണ് ടീമിനൊപ്പം ചേര്‍ന്നത്. ത്രിപുര ലീഗില്‍ ദക്ഷിണേന്ത്യക്കാരന്‍ ഞാന്‍ മാത്രമാണ്. അതിനിടയില്‍ സന്തോഷ് ട്രോഫി പട്ടികയില്‍ ഇടംകണ്ടു. ത്രിപുര എന്നെ പലതും പഠിപ്പിച്ചു. കാലാവസ്ഥയും സംസ്‌കാരവുമെല്ലാം ഇവിടെ വ്യത്യസ്തമാണ്. ഭക്ഷണകാര്യത്തിലും ആദ്യസമയത്ത് ബുദ്ധിമുട്ടുണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ കോലാപൂരില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ത്രിപുരയ്ക്കായി മിന്നുംപ്രകടനം ഈ 25-കാരന്‍ നടത്തി. എന്നാല്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ ത്രിപുരയ്ക്കായില്ല. ഗ്രൂപ്പ് എഫിലായിരുന്നു അവര്‍. ആതിഥേയരായ മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവര്‍ എഫ് ഗ്രൂപ്പിലുണ്ടായിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായി മഹാരാഷ്ട്ര ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി.

 

 

Top